ഡോ. പായലിന്റെ മരണം കൊലപാതകമെന്ന് അഭിഭാഷകന്‍

മുംബൈ: സീനിയര്‍ ഡോക്ടര്‍മാരുടെ ജാതിയധിക്ഷേപത്തിന് ഇരയായ മെഡിക്കല്‍ പി.ജി വിദ്യാര്‍ത്ഥിനി ഡോ.പായലിന്റെ മരണം ആത്മഹത്യ അല്ലെന്നും അത് കൊലപാതകമാണെന്നും പായലിന്റെ അഭിഭാഷകന്‍ നിതിന്‍ സത്പുത് കോടതിയെ അറിയിച്ചു. പായലിന്റെ കഴുത്തില്‍ വരിഞ്ഞുമുറുക്കിയതിന്റെ പാടുകളും ശരീരത്തില്‍ പലയിടങ്ങളിലും മുറിവുകളും ഉണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകന്റെ വാദം. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മുംബയ് സെന്‍ട്രലിലെ നായര്‍ ആശുപത്രിയില്‍ 23കാരിയായ ഡോ. പായല്‍ തഡ്‌വിയെ മരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ ഡോ. ഭക്തി മെഹര്‍, ഡോ. അങ്കിത ഖണ്ഡല്‍വാള്‍, ഡോ. ഹേമ അഹൂജ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ പായലിനെ ഹോസ്റ്റല്‍മുറിയിലും ആശുപത്രിയിലും പൊതുസ്ഥലങ്ങളിലും വച്ച് ജാതിയുടെ പേരില്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായി സാക്ഷിമൊഴികളും ഉണ്ട്.കുറ്റാരോപിതരായ മൂന്നു ഡോക്ടര്‍മാരെയും 14 ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നും സാക്ഷികള്‍ സമ്മര്‍ദ്ദത്തിലാണെന്നും പ്രോസിക്യൂട്ടര്‍ ജയ്‌സിംഗ് ദേശായി കോടതിയോട് ആവശ്യപ്പെട്ടു. പായല്‍ വര്‍ണവെറിയുടെ ഇരആദിവാസി വിഭാഗമായ ഭില്‍ മുസ്‌ലിം സമുദായാംഗമായിരുന്നു പായല്‍. മുംബയില്‍ ഗൈനക്കോളജിയില്‍ ബിരുദാനന്തര ബിരുദ കോഴ്‌സിന് ചേര്‍ന്നതു മുതല്‍ സീനിയര്‍ ഡോക്ടര്‍മാരുടെ ക്രൂരമായ ജാതിവിവേചനത്തിനും പീഡനത്തിനുമാണ് പായല്‍ ഇരയായത്. പായലിന്റെ വിരിപ്പില്‍ കാലുകള്‍ തുടയ്ക്കുക, കുളിമുറിയിലും ഭക്ഷണശാലയിലും പ്രവേശനം നിഷേധിക്കുക, സവര്‍ണരായ സീനിയേഴ്‌സ് ഉള്ളപ്പോള്‍ ഓപ്പറേഷന്‍ തിയേറ്ററിലും ആശുപത്രിയിലെയും കോളേജിലെയും പൊതു ഇടങ്ങളിലും കയറാനോ ഇടപഴകാനോ അനുവദിക്കാതിരിക്കുക, നോമ്പ് തുറക്കാന്‍ സമ്മതിക്കാതിരിക്കുക തുടങ്ങി ക്രൂരമായ പീഡനങ്ങളാണ് പായലിന് ഏല്‍ക്കേണ്ടി വന്നത്. ജാതീയതയുടെയും ന്യൂനപക്ഷ, ദളിത് വിരുദ്ധതയുടെയും ഇരകളായ രോഹിത് വെമുല, മുദസിര്‍ കമ്രാന്‍, നജീബ് അഹമ്മദ് എന്നിവരുടെ ലിസ്റ്റിലെ ഒടുവുലത്തെ കണ്ണിയാണ് ഡോ. പായല്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍