ചൂര്‍ണിക്കരയിലെ ഭൂമി തട്ടിപ്പ്: മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണത്തിനു ഉത്തരവിട്ടു

കൊച്ചി: എറണാകുളം ചൂര്‍ണിക്കരയില്‍ നിലംനികത്താന്‍ വ്യാജരേഖ ചമച്ച സംഭവത്തില്‍ മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണത്തിനു ഉത്തരവിട്ടു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ ആവശ്യപ്രകാരമാണ് മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. വകുപ്പുതല അന്വേഷണവും നടത്തുമെന്ന് റവന്യൂ മന്ത്രി പറഞ്ഞു.എറണാകുളം ചൂര്‍ണിക്കര വില്ലേജിലെ 25 സെന്റ് നിലം നികത്താനായാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവും ആര്‍ഡിഒയുടെ കത്തും വ്യാജമായി ഉണ്ടാക്കിയത്. വ്യാജരേഖയുണ്ടാക്കിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ യു.വി ജോസ് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. വ്യാജരേഖ ചമക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തു. വ്യാജരേഖ ചമച്ചത് ഇടനിലക്കാരനാണെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാന സര്‍ക്കാര്‍ നിയമപ്രകാരം തരംമാറ്റിയ ഭൂമിയുടെ പേരിലുള്ള തടസങ്ങള്‍ പിഴയടച്ച് ഒഴിവാക്കാന്‍ സാധിക്കും. ഇതിന്റെ മറവിലായിരുന്നു തട്ടിപ്പ്. ചൂര്‍ണിക്കരയില്‍ മാത്രമായിരിക്കില്ല സംസ്ഥാന വ്യാപകമായി ഇത്തരം സംഭവങ്ങള്‍ ഉണ്ടായേക്കാമെന്നാണ് പോലീസ് നിഗമനം. ഭൂമിയുടെ തരംമാറ്റല്‍ സംബന്ധിച്ചുള്ള അപേക്ഷ ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒയുടെ പരിഗണനയിലിരിക്കെ നിലത്തിന്റെ തരം മാറ്റുന്നതിന് അനുകൂലമായി ലാന്‍ഡ് റവന്യു കമ്മീഷണറേറ്റ് ഉത്തരവിട്ടു എന്നതരത്തിലാണ് വ്യാജ രേഖ ഉണ്ടാക്കിയത്. ഈ ഉത്തരവ് വില്ലേജ് ഓഫീസിലും ഹാജരാക്കി. ഉത്തരവ് വ്യാജമാണെന്ന് ചൂര്‍ണിക്കര വില്ലേജ് ഓഫീസര്‍ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍