കണ്ണൂര്‍ വിമാനത്താവള പരിസരത്തു ഹോട്ടലുകളും കണ്‍വെന്‍ഷന്‍ സെന്ററും നിര്‍മിക്കാന്‍ നടപടി

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തോടനുബന്ധിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോട്ടലുകളും കണ്‍വന്‍ഷന്‍ സെന്ററും നിര്‍മിക്കാന്‍ നടപടി തുടങ്ങി. ഇവയുടെ നിര്‍മാണത്തിനായി ഏജന്‍സികളില്‍നിന്ന് വിമാനത്താവള കമ്പനിയായ കിയാല്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ബജറ്റ് ഹോട്ടല്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍, ഡേ ഹോട്ടല്‍, കണ്‍വന്‍ഷന്‍ സെന്റര്‍ എന്നിവയാണു നിര്‍മിക്കുന്നത്. ഏതാനും ഏജന്‍സികള്‍ ഇതിനകം താത്പര്യമറിയിച്ചു രംഗത്തുവന്നിട്ടുണ്ട്. കൂടുതല്‍ ടെന്‍ഡറുകള്‍ ലഭിക്കുന്നതിനായി കിയാല്‍ കാലാവധി നീട്ടി നല്‍കിയിരിക്കുകയാണ്. വിമാനത്താവളത്തിന് അനുബന്ധമായി ഒരുക്കുന്ന ടൗണ്‍ഷിപ്പിന്റെ ഭാഗമായാണ് ഹോട്ടലുകളും കണ്‍വന്‍ഷന്‍ സെന്ററും നിര്‍മിക്കുന്നത്. ബിഒടി അടിസ്ഥാനത്തിലാണ് ഇവ നിര്‍മിക്കുക. നടത്തിപ്പ് ചുമതല വഹിക്കുന്ന ഏജന്‍സികള്‍ നിശ്ചിത ലാഭവിഹിതം കിയാലിന് നല്‍കണം. 
വിമാനത്താവളത്തിന് സമീപം 15 ഏക്കര്‍ സ്ഥലത്താണ് കണ്‍വന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള സെമിനാറുകളും പരിപാടികളും സംഘടിപ്പിക്കാനും വിനോദ സഞ്ചാരികള്‍ക്ക് താമസിക്കാനുമുള്ളസൗകര്യമുണ്ടാകും. ഡേ ഹോട്ടല്‍ വിമാനത്താവളത്തിനകത്താണ് പ്രവര്‍ത്തിക്കുക. ഇതിന്റെ നടത്തിപ്പ് കിയാല്‍ നേരിട്ട് ഏറ്റെടുക്കും.കണ്ണൂരിലെ ഹോട്ടല്‍ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരും വിനോദസഞ്ചാരികളും നേരിടുന്ന പ്രധാന പ്രശ്‌നം. ഇത് പരിഹരിക്കാനാണ് കിയാലിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളും മറ്റു സൗകര്യങ്ങളുമൊരുക്കുന്നത്. ആശുപത്രി, പാര്‍ക്കുകള്‍, വ്യാപാര സമുച്ചയങ്ങള്‍ എന്നിവയും ടൗണ്‍ഷിപ്പിന്റെ ഭാഗമായി വിമാനത്താവള പരിസരത്ത് ഉയര്‍ന്നുവരും. വിമാനത്താവളത്തില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളും ഫുഡ് കോര്‍ട്ടുകളും ഇതുവരെ തുറന്നിട്ടില്ല. ഇവ സംബന്ധിച്ച ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കഫ്റ്റീരിയകള്‍, റീട്ടെയില്‍ ഷോറൂം എന്നിവ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍