കുതിരപ്പുറത്ത് വിവാഹ ഘോഷയാത്ര നടത്തി; ഗുജറാത്തില്‍ ദളിതര്‍ക്ക് സാമൂഹിക വിലക്ക്

 മെഹ്‌സന: ഗുജറാത്തില്‍ വിവാഹ ഘോഷയാത്രയില്‍ കുതിരപ്പുറത്ത് സഞ്ചരിച്ച ദളിത് വരന്റെ സമുദായത്തിനു സാമൂഹിക വിലക്ക്. ഗ്രാമത്തിലെ ഘാപ്പ് പഞ്ചായത്താണ് വിലക്ക് ഏര്‍പ്പെടുത്തിയത്. വരന്റെ പിതാവിന്റെ പരാതിയില്‍ ഗ്രാമമുഖ്യനും ഉപഗ്രാമമുഖ്യനും ഉള്‍പ്പെടെ സവര്‍ണരായ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മെഹ്‌സന ജില്ലയിലെ ലോര്‍ ഗ്രാമത്തിലാണ് സംഭവം. വരന്റെ പിതാവായ മനുഭായ് പാര്‍മര്‍ (50) ആണ് പരാതി നല്‍കിയത്. ഇദ്ദേഹത്തിന്റെ മൂത്ത മകന്‍ മെഹുലിന്റെ (24) വിവാഹവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മെഹുല്‍ വിവാഹിതനായത്. വിവാഹത്തിനു ശേഷം വധവും വരനും കുതിരപ്പുറത്ത് ഗ്രാമത്തിലൂടെ വിവാഹഘോഷയാത്ര നടത്തി. വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം ഗ്രാമുഖ്യന്‍ വിനു ഠാക്കൂറും ഉപഗ്രാമമുഖ്യന്‍ ബല്‍ദേവ് ഠാക്കൂറും ദളിതരെ ഒഴിവാക്കി പഞ്ചായത്ത് വിളിച്ചുചേര്‍ത്തു. ദളിതര്‍ പരിധിവിട്ട് പെരുമാറിയെന്നും ഇതു സഹിക്കാനാവില്ലെന്നും സവര്‍ണരായ ആളുകള്‍ പഞ്ചായത്തില്‍ പരാതിപറഞ്ഞു. ഇതേ തുടര്‍ന്ന് ദളിതരെ ബഹിഷ്‌ക്കരിക്കാന്‍ പഞ്ചായത്ത് ആഹ്വാനം ചെയ്തു. ദളിത് വിഭാഗത്തിലുള്ളവര്‍ക്ക് തൊഴിലോ, ഭക്ഷണമോ നല്‍കരുതെന്നാണ് ആഹ്വാനം. ഇത് ലംഘിച്ചാല്‍ 5,000 രൂപ പിഴ ശിക്ഷയും വിധിച്ചു. പിഴ ഒടുക്കാതെ വന്നാല്‍ ബലമായി ഗ്രാമത്തിനു പുറത്താക്കുമെന്നും ഘാപ്പ് പഞ്ചായത്ത് പ്രഖ്യാപിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍