വാഷിംഗ്ടണ്‍ ഡിസി: ഇറാനു മുന്നറിയിപ്പായി യുഎസ്എസ്

വാഷിംഗ്ടണ്‍ ഡിസി: ഇറാനു മുന്നറിയിപ്പായി യുഎസ്എസ് ആര്‍ലിംഗ്ടണ്‍ എന്ന യുദ്ധക്കപ്പലും പേട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനവുംകൂടി അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയച്ചു. നേരത്തേ അയച്ച യുഎസ്എസ് ഏബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനിയുടെ നേതൃത്വത്തിലുള്ള യുദ്ധക്കപ്പലുകള്‍ക്കും ബി 52 ബോംബര്‍ വിമാനങ്ങള്‍ക്കും ഒപ്പം ഇവയും ചേരും. മറീന്‍ സൈനികര്‍, വെള്ളത്തിലും കരയിലും ഉപയോഗിക്കാവുന്ന വാഹനങ്ങള്‍, വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ കടത്തുന്ന യുദ്ധക്കപ്പലാണ് ആര്‍ലിംഗ്ടണ്‍. കമാന്‍ഡ് സെന്ററായും കപ്പല്‍ പ്രവര്‍ത്തിക്കും. ബാലിസ്റ്റിക് ക്രൂസ് മിസൈലുകള്‍, പോര്‍വിമാനങ്ങള്‍ എന്നിവയെ വീഴ്ത്താന്‍ കെല്പുള്ളതാണ് പേട്രിയറ്റ് സംവിധാനം. പശ്ചിമേഷ്യയിലെ യുഎസ് സൈനികര്‍ ഇറാനില്‍നിന്നു നേരിടുന്ന ഭീഷണി മറികടക്കാനാണ് ഇതെല്ലാമെന്ന് പെന്റഗണ്‍ അറിയിച്ചു. എന്നാല്‍ ഭീഷണിയെക്കുറിച്ച് കൂടുതല്‍ വിശദീകരണം നല്കിയില്ല. ഇറാക്കില്‍ അമേരിക്കയുടെ 5,200 സൈനികരുണ്ട്. ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അമേരിക്കന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുക മാത്രമാണ് ഉദ്ദേശ്യമെന്നും പെന്റഗണ്‍ കൂട്ടിച്ചേര്‍ത്തു. യുദ്ധവിന്യാസങ്ങള്‍ ഇറാനെ പേടിപ്പിക്കാന്‍വേണ്ടി മാത്രമാണെന്ന് ടെഹ്‌റാന്‍ പ്രതികരിച്ചു. അമേരിക്ക ആണവകരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാ റിയതും സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതും ഇറാനെ തളര്‍ത്തിയിരിക്കുകയാണ്. ലോകരാജ്യങ്ങള്‍ ഇറാന്റെ എണ്ണ വാങ്ങുന്നത് അമേരിക്ക വിലക്കിയിരിക്കുകയാണ്. ഇതിനു പ്രതികാരമായി ഹോര്‍മുസ് കടലിടുക്ക് അടച്ച് എല്ലാ രാജ്യങ്ങളുടെയും എണ്ണക്കപ്പലുകളുടെ നീക്കം തടസപ്പെടുത്തുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ നടപടികള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍