ഒടുവില്‍ മാപ്പപേക്ഷിച്ച് പ്രജ്ഞാ സിംഗ്

 ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നെന്ന പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച് ഭോപ്പാലിലെ ബിജെപി സ്ഥാ നാര്‍ഥി പ്രജ്ഞാ സിംഗ് താക്കൂര്‍. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അവര്‍ മാപ്പപേക്ഷ നടത്തിയത്. നേരത്തെ, പ്രസ്താവന വിവാദമായതോടെ പ്രജ്ഞ പരസ്യമായി മാപ്പുപറയണമെന്ന് ബിജെപി നിര്‍ദേശിച്ചെങ്കിലും അവര്‍ അതിനു തയാറായിരുന്നില്ല. തന്റെ പോരാട്ടം ബിജെപിക്കൊപ്പമാണെന്നും ബിജെപിയുടെ നയമാണ് തന്റെ നയമെന്നു പറയുകയും മാത്രമാണ് പ്രജ്ഞ ചെയ്തിരുന്നത്.എന്നാല്‍, പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുള്ള സമ്മര്‍ദം ശക്തമായതോടെ പ്രജ്ഞ മാപ്പ് പറയുകയായിരുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടും അവര്‍ തന്റെ പരാമര്‍ശം സംബന്ധിച്ച് ന്യായീകരിച്ചു. 'ഗോഡ്‌സെയെ സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തില്‍ താന്‍ ഖേദിക്കുന്നു. ഇതിന് രാജ്യത്തെ ജനങ്ങളോട് മാപ്പ് ചോദിക്കുന്നു. തന്റെ പ്രസ്താവന തീര്‍ത്തും തെറ്റായിരുന്നു' അവര്‍ പറഞ്ഞു.രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയോട് തനിക്ക് ഏറെ ആദരവാണുള്ളതെന്നു പറഞ്ഞ പ്രജ്ഞാ സിംഗ് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് പറഞ്ഞതെന്നും അത് ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഗാന്ധിജി രാഷ്ട്രത്തിന് വേണ്ടി ചെയ്തതൊന്നും ആര്‍ക്കും മറക്കാനാവില്ലെന്നും തന്റെ വാക്കുകളെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഗോഡ്‌സെ ഹിന്ദു തീവ്രവാദിയാണെന്ന നടന്‍ കമല്‍ഹാസന്റെ പ്രസ്താവനയോടു പ്രതികരിക്കവെയാണ് പ്രജ്ഞാ സിംഗ് ഗാന്ധിജിയുടെ ഘാതകനായ ഗോഡ്‌സെയെ പുകഴ്ത്തിയത്. ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നുവെന്നും, അദ്ദേഹത്തെ ഭീകരന്‍ എന്നു വിളിക്കുന്നവര്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ തക്കതായ മറുപടി ലഭിക്കുമെന്നുമായിരുന്നു പ്രജ്ഞാ സിംഗിന്റെ പരാമര്‍ശം. ഗോഡ്‌സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.ഇത് ആദ്യമായല്ല, പ്രജ്ഞ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. ഹേമന്ദ് കര്‍ക്കറെയുടെ മരണം, ബാബറി മസ്ജിദ് തകര്‍ക്കല്‍ എന്നീ വിഷയങ്ങളില്‍ പ്രജ്ഞാ സിംഗ് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവരെ 72 മണിക്കൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്നു വിലക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍