രാഹുലിനെ രാജിയില്‍നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമം ഊര്‍ജിതം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു പിടിച്ചുനിര്‍ത്താനുള്ള പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ശ്രമങ്ങള്‍ തുടരുന്നു. കഴിഞ്ഞ ദിവസം രാഹുലിന്റെ വസതിക്കു മുന്നില്‍ ഡല്‍ഹി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാഹാരം കിടന്നെങ്കില്‍, രാജസ്ഥാന്‍ പിസിസി ഓഫീസിനു സമീപം യാഗം നടത്തിയാണ് രാഹുലിന്റെ മനം മാറ്റത്തിനായി പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നത്. രാഹുല്‍ രാജി തീരുമാനത്തില്‍നിന്നു പിന്മാറുന്നതു വരെ രാജസ്ഥാനിലെ കോണ്‍ഗ്രസ് വക്താവ് ഗോപാല്‍ ദേല്‍വാല്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവയ്ക്കരുതെന്നാവശ്യപ്പെട്ട് ബംഗളൂരുവിലും പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. തമിഴ്‌നാട് പിസിസി ഉള്‍പ്പെടെ നിരവധി പാര്‍ട്ടി സംസ്ഥാന ഘടകങ്ങള്‍ രാഹുല്‍ രാജി തീരുമാനത്തില്‍നിന്നു പിന്മാറണമെന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കി. 
അതിനിടെ കോണ്‍ഗ്രസിന്റെ കുടുംബമണ്ഡലമായ അമേഠിയില്‍ പരാജയപ്പെട്ടെങ്കിലും വയനാട്ടില്‍ വന്‍ഭൂരിപക്ഷത്തില്‍ തന്നെ വിജയിപ്പിച്ച വോട്ടര്‍മാരോടു നന്ദി പറയാന്‍ രാഹുല്‍ അടുത്ത മാസം കേരളത്തിലെത്തുന്നുണ്ട്. ഒരു മാസത്തിനകം തനിക്കു പകരക്കാരനെ കണ്ടെത്തണമെന്നാണ് രാഹുല്‍ ഗാന്ധി നേതാക്കള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. അതേസമയം, രാഹുലിന്റെ സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇടപെട്ട് ആറു മാസത്തേക്കെങ്കിലും അധ്യക്ഷ സ്ഥാനത്തു തുടരണം എന്നാവശ്യപ്പെട്ടതായാണ് അറിയുന്നത്. കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് പിന്നോക്ക വിഭാഗത്തില്‍ നിന്ന് ഒരാളെ കണ്ടെത്താനും രാഹുല്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. അധ്യക്ഷപദത്തില്‍ നിന്നു രാജിവയ്ക്കരുതെന്ന് മുതിര്‍ന്ന നേതാക്കള്‍ രാഹുലിനോട് ആവശ്യപ്പെടുന്നതിനിടെയാണ് രാഹുലിന്റെ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍