മഹാത്മാ ഗാന്ധിക്കും വാജ്‌പേയിക്കും ആദരവര്‍പ്പിച്ച് മോദി സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ മാത്രം

  • കേരളത്തില്‍ നിന്ന് മന്ത്രിയാകാന്‍ സാധ്യത കണ്ണന്താനം,കുമ്മനം,വി.മുരളീധരന്‍ എന്നിവര്‍ക്ക് 
  • അമിത്ഷാ ബി.ജെ.പി അധ്യക്ഷനായി തുടര്‍ന്നേയ്ക്കും

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള തന്റെ രണ്ടാമൂഴത്തിന് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി നരേന്ദ്ര മോദി. സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും രാജ്യത്തിനായി ജീവന്‍ ബലി അര്‍പ്പിച്ച സൈനികര്‍ക്കും മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാജ്ഘട്ടിലും അടല്‍ സമാധിയിലും ദേശീയ യുദ്ധ സ്മാരകത്തിലുമെത്തി മോദി പുഷ്പാഞ്ജലി അര്‍പ്പിച്ചു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും മോദിയെ അനുഗമിച്ചു. ഇന്ന് വൈകിട്ട് ഏഴിനാണ് സത്യപ്രതിജ്ഞ. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മോദിക്കൊപ്പം രാജ്‌നാഥ് സിംഗ്, നിതിന്‍ഗഡ്കരി, പ്രകാശ് ജാവദേക്കര്‍, രവിശങ്കര്‍ പ്രസാദ്, പീയൂഷ് ഗോയല്‍, സ്മൃതി ഇറാനി, നിര്‍മ്മല സീതാരാമന്‍, നരേന്ദ്രസിംഗ് തോമര്‍, അര്‍ജുന്‍ മേഘ്വാള്‍ തുടങ്ങി ഒന്നാം മോദി സര്‍ക്കാരിലെ പ്രമുഖരും ഏതാനും പുതുമുഖങ്ങളും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും.തിരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിന്റെ പ്രതിഫലനം പോലെ രാഷ്ട്രപതി ഭവന്‍ കണ്ട ഏറ്റവും വലിയ ചടങ്ങിലായിരിക്കും സത്യപ്രതിജ്ഞ. 6,500 അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് അല്‍ഫോണ്‍സ് കണ്ണന്താനം, വി.മുരളീധരന്‍ എം.പി, മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എന്നിവരെയാണ് മന്ത്രിസഭയിലേക്ക് പറഞ്ഞു കേള്‍ക്കുന്നത്. കണ്ണന്താനം കേന്ദ്രടൂറിസം മന്ത്രിയായി തുടരുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്നലെ രാത്രി കേന്ദ്രത്തില്‍ നിന്ന് വിളിച്ചതനുസരിച്ച് കുമ്മനം ഇന്ന് രാവിലത്തെ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്.ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആരോഗ്യകാരണങ്ങളാല്‍ മന്ത്രിസഭയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മോദിക്ക് ഇന്നലെ കത്ത് നല്‍കി. മോദി ഇന്നലെ രാത്രി ജയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വിദേശകാര്യമന്ത്രി സുഷമസ്വരാജും മന്ത്രിസഭയില്‍ ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്.മന്ത്രിസഭയിലേക്ക് വരാതെ ദേശീയ അദ്ധ്യക്ഷനായി തന്നെ അമിത് ഷാ തുടരുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. ഇന്നലെ പകലും രാത്രിയും മോദിയും അമിത് ഷായും മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളില്‍ മുഴുകിയിരുന്നു. ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഇന്നലെ അമിത് ഷാ രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അമിത് ഷാ പാര്‍ട്ടി അദ്ധ്യക്ഷനായി തുടരണമെന്ന അഭിപ്രായം ശക്തമാണ്.സഖ്യകക്ഷികളില്‍ ജെ. ഡി. യുവിനും എല്‍. ജെ. പിക്കും എ. ഡി. എം. കെയ്ക്കും മന്ത്രിമാര്‍ ഉണ്ടാവും. എല്‍. ജെ. പി നേതാവ് രാംവിലാസ് പാസ്വാന്‍ ഉള്‍പ്പെടെയുള്ള ചില സഖ്യകക്ഷി അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്‌തേക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍