യൂറോപ്പിന് ശേഷം മുഖ്യമന്ത്രി ജപ്പാനിലേക്കും കൊറിയയിലേക്കും

തിരുവനന്തപുരം: യൂറോപ്യന്‍ പര്യടനത്തിന് പിന്നാലെ ജപ്പാന്‍, തെക്കന്‍ കൊറിയന്‍ പര്യടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറെടുക്കുന്നു. പര്യടനത്തിന് മുന്നോടിയായി ജപ്പാനില്‍ നിന്നുള്ള വ്യവസായികളടങ്ങുന്ന സംഘം കേരളത്തിലെത്തും. ഇവരുമായി മുഖ്യമന്ത്രി ആശയസംവാദം നടത്തി കാര്യങ്ങള്‍ പഠിച്ചറിഞ്ഞ ശേഷമാകും പര്യടനം. ജാപ്പനീസ് സംഘത്തിന്റെ കേരളപര്യടനം പൂര്‍ത്തിയായിക്കഴിഞ്ഞേ മുഖ്യമന്ത്രിയുടെ യാത്രാതീയ്യതി സംബന്ധിച്ച തീരുമാനമുണ്ടാകൂ.സാങ്കേതികരംഗം, ഭക്ഷ്യസംസ്‌കരണം, ഫിഷറീസ്, ഇലക്‌ട്രോണിക് ഹാര്‍ഡ്‌വെയര്‍, ഐ.ടി, ടൂറിസം രംഗങ്ങളില്‍ ജപ്പാനുമായുള്ള സാങ്കേതികവും സാമ്പത്തികവുമായുള്ള സഹകരണമാണ് കേരളം ആഗ്രഹിക്കുന്നത്. നഗര ഗ്രാമപ്രദേശങ്ങളിലെ വെള്ളപ്പൊക്ക നിവാരണം, വികേന്ദ്രീകൃത മാലിന്യസംസ്‌കരണം എന്നിവയിലുള്ള ജപ്പാന്‍ മാതൃകകള്‍ പഠിച്ച് മനസ്സിലാക്കി കേരളത്തില്‍ പ്രയോജനപ്പെടുത്താനാവുമോ എന്നാണ് നോക്കുന്നത് എന്നാണ് ഇതുസംബന്ധിച്ച് ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവില്‍ പറയുന്നത്. കേരളവും ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷിതാല്പര്യമുള്ള മേഖലകളില്‍ കൂടുതല്‍ സഹകരണവും നിക്ഷേപവും ഉറപ്പാക്കുകയും ലക്ഷ്യമാണ്.പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ സഹായ, നിക്ഷേപങ്ങള്‍ ഏകോപിപ്പിക്കാനായി മുഖ്യമന്ത്രിയുടെ പ്രത്യേക പ്രതിനിധി ആയി നിയോഗിച്ചിരിക്കുന്ന വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ. ബിജുവാകും ജാപ്പനീസ് സംഘത്തിന്റെ കേരളപര്യടനപരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. വിദേശപ്രതിനിധികളുടെ പര്യടനത്തിന്റെ ഭാഗമായുള്ള ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങളുടെ തുടര്‍നടത്തിപ്പിനും മേല്‍നോട്ടത്തിനുമായി ചീഫ്‌സെക്രട്ടറിയുടെ ഓഫീസിനോട് ചേര്‍ന്ന് സ്‌പെഷ്യല്‍സെല്ലും രൂപീകരിച്ചിട്ടുണ്ട്.സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനായിരിക്കും ജാപ്പനീസ് സംഘത്തിന്റെ പര്യടനകാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി. കേരളത്തിലെ നിക്ഷേപ, വികസന സാദ്ധ്യതകള്‍ പ്രതിപാദിക്കുന്ന പത്ത് മിനിറ്റ് നീളുന്ന പ്രമോഷണല്‍ സിനിമ ഉള്‍പ്പെടെ പ്രതിനിധിസംഘത്തിന് മുമ്പാകെ പ്രദര്‍ശിപ്പിക്കും. മുഖ്യമന്ത്രിയുടെ പ്രത്യേക പ്രതിനിധിയുമായും ചീഫ്‌സെക്രട്ടറിയുടെ സ്‌പെഷ്യല്‍സെല്ലുമായും ഡല്‍ഹി റസിഡന്റ് കമ്മിഷണറുമായും ബന്ധപ്പെട്ടാകും നോഡല്‍ ഏജന്‍സി പ്രവര്‍ത്തിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍