വാട്‌സ്ആപ് വേഗം അപ്‌ഡേറ്റ് ചെയ്‌തോളൂ പണി കിട്ടും

സിലിക്കണ്‍വാലി: എന്നാണ് നിങ്ങള്‍ നിങ്ങളുടെ ഐഫോണുകള്‍/ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളിലെ വാട്‌സ്ആപ് അവസാനമായി അപ്‌ഡേറ്റ് ചെയ്തത് വാട്‌സ്ആപ് ഇടയ്ക്കിടയ്ക്ക് ആപ് അപ്‌ഡേറ്റ് ചെയ്യുന്നത് നിങ്ങള്‍ അവഗണിക്കാറാണോ പതിവ് എങ്കില്‍ സൂക്ഷിച്ചോളൂ, പണി കിട്ടുമെന്നാണ് വാട്‌സ്ആപ് പറയുന്നത്. അതായത് വാട്‌സ്ആപ് ഉപയോഗിക്കുന്നവര്‍ എത്രയും വേഗം ആപ് അപ്‌ഡേറ്റ് ചെയ്യണമെന്നാണ് കമ്പനിയുടെ നിര്‍ദേശം. കാരണം വാട്‌സ്ആപ്പില്‍ ഒരു സ്‌പൈവേര്‍ കടന്നുകൂടി. ഉപയോക്താക്കളുടെ ഫോണിലേക്ക് ഒരു സിംഗിള്‍ കോളിലൂടെ കടന്നുകയറുന്ന സ്‌പൈവേര്‍ ആ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തും എന്നാണ് വാട്‌സ്ആപ് അധികൃതര്‍ തിങ്കളാഴ്ച സ്ഥിരീകരിച്ചത്. വിവരങ്ങള്‍ എന്നുവച്ചാല്‍ കോള്‍ വിവരങ്ങള്‍, ഇമെയിലുകള്‍, സന്ദേശങ്ങള്‍, ഫോട്ടോസ് തുടങ്ങിയവയാണ് ചോര്‍ത്തുക. ഇസ്രേലി സൈബര്‍ ഇന്റലിജന്‍സ് കമ്പനിയായ എന്‍എസ്ഒ ആണ് ഈ ചോര്‍ത്തല്‍ ബഗ് ഡെവലപ് ചെയ്തിരിക്കുന്നത്. ഒരു വാട്‌സ്ആപ് കോളിലൂടെ ട്രാന്‍സ്മിറ്റ് ചെയ്യപ്പെടുന്ന ഈ ബഗ് ആ കോള്‍ അറ്റന്‍ഡ് ചെയ്തില്ലെങ്കില്‍ പോലും വാട്‌സ്ആപ് ഉപയോക്താക്കളുടെ ഫോണുകളില്‍ കടന്നുകൂടും. വാട്‌സ്ആപ് കോള്‍ ലോഗില്‍ ഈ കോള്‍ വിവരങ്ങള്‍ കാണാനും സാധിക്കില്ല. അതുകൊണ്ടുതന്നെ ഇത്തരത്തിലൊരു കോള്‍ വന്നതായി വാട്‌സ്ആപ് ഉപയോക്താക്കള്‍ക്ക് തിരിച്ചറിയാനും കഴിയില്ല. ഈ മാസം ആദ്യമാണ് ഇത്തരത്തിലൊരു പ്രശ്‌നം വാട്‌സ്ആപ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. അപ്പോള്‍ത്തന്നെ അത് ഇല്ലാതാക്കാനുള്ള ശ്രമങ്ങളും തുടങ്ങി. വെള്ളിയാഴ്ച സെര്‍വറുകളില്‍ സുരക്ഷാ അപ്‌ഡേഷനുകള്‍ നടത്തിയശേഷം തിങ്കളാഴ്ചയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍, എത്രത്തോളം ഉപയോക്താക്കളെ ഇത് ബാധിച്ചു എന്ന് ഇതുവരെ വ്യക്തമല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍