നവജാത ശിശുവിനെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചു; മന്ത്രിക്ക് നവമാധ്യമങ്ങളുടെ കൈയടി

കൊച്ചി: ഹൃദയ സംബന്ധമായ രോഗങ്ങളെത്തുടര്‍ന്നു മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ലിസി ആശുപത്രിയിലെത്തിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഫേസ്ബുക്ക് പേജില്‍ കുഞ്ഞിന്റെ മാതാവിന്റെ സഹോദരന്‍ രോഗവിവരം അറിയിച്ചതിനു പിന്നാലെ സര്‍ക്കാര്‍ ഇടപെടുകയും വിദഗ്ദ്ധ ചികിത്സ ഏര്‍പ്പെടുത്തുകയുമായിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കുഞ്ഞിനെ ഇന്നു പുലര്‍ച്ചെ രണ്ടോടെയാണു കൊച്ചിയിലെത്തിച്ചത്. മലപ്പുറം ജില്ലയിലെ എടക്കര സ്വദേശികളാണ് കുഞ്ഞിന്റെ കുടുംബം. 
പീഡിയാട്രിക് കാര്‍ഡിയോളജി ഐസിയുവില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ നിരീക്ഷിച്ചുവരുന്നതായും ശസ്ത്രക്രിയ നടത്തുന്നതു സംബന്ധിച്ച വിദഗ്ധ പരിശോധനകള്‍ക്കുശേഷം തീരുമാനമെടുക്കും. ഹൃദയത്തില്‍നിന്നു ശ്വാസകോശത്തിലേക്കു രക്തം എത്തിക്കുന്ന വാല്‍വ് ഇല്ലാത്തതിനാല്‍ ശ്വാസകോശത്തിലേക്കു രക്തയോട്ടമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഹൃദയത്തില്‍ ഒരു ദ്വാരവും പരിശോധനയില്‍ കണ്ടെത്തി. 
രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറവാണ്. മരുന്നുകള്‍ നല്‍കിയാണു നിലവില്‍ രക്തയോട്ടം നടത്തുന്നത്. ശ്വാസകോശത്തിലേക്കു രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയയാകും ആദ്യം നടത്തുകയെന്നും കൃത്രിമ വാല്‍വ് ഘടിപ്പിക്കുന്നതും ഹൃദയത്തിലെ ദ്വാരം അടയ്ക്കുന്നതും രണ്ടാം ഘട്ട ശസ്ത്രക്രിയയിലാകും ചെയ്യുകയെന്നും അധികൃതര്‍ പറഞ്ഞു. ഓക്‌സിജന്റെ അളവ് ശരിയായ നിലയിലാണെങ്കില്‍ ആദ്യഘട്ട ശസ്ത്രക്രിയ ഇന്നുതന്നെ നടത്താനൊരുങ്ങുകയാണ് ഡോക്ടര്‍മാര്‍. ബുധനാഴ്ച രാവിലെ 9.30ഓടെയാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ഹൃദയവാല്‍വിനു തകരാര്‍ കണ്ടെത്തിയതുമൂലം വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. കൊച്ചിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിലോ അല്ലെങ്കില്‍ തിരുവനന്തപുരത്തോ എത്തിക്കാനായിരുന്നു ആദ്യം റഫര്‍ ചെയ്തിരുന്നത്. തങ്ങളുടെ അന്വേഷണത്തില്‍ നിലവില്‍ അവിടെ അതിനുള്ള സാഹചര്യമില്ലാത്തതിനാല്‍ സഹായിക്കണമെന്നുമായിരുന്നു കുഞ്ഞിന്റെ മാതാവിന്റെ സഹോദരന്‍ മന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ അറിയിച്ചത്. ഉടന്‍തന്നെ വിഷയത്തില്‍ ഇടപെട്ട മന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സംഭവം സത്യമാണെന്ന് മനസിലായതോടെ രാത്രിയില്‍ തന്നെ കൊച്ചിയിലേക്കു മാറ്റുകയുമായിരുന്നു. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നടത്താന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ ഇടപെടലിനെക്കുറിച്ച് അറിഞ്ഞതോടെ നിരവധിപേരാണ് മന്ത്രിയെ പ്രശംസിച്ച് നവമാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍