ഒമാനില്‍ നിരവധി തസ്തികകളില്‍ സമ്പൂര്‍ണ വിസാ വിലക്ക്

മസ്‌കറ്റ്: ഒമാന്‍ സ്വകാര്യ മേഖലയിലെ നിരവധി തസ്തികകളില്‍ സമ്പൂര്‍ണ വിസാ വിലക്ക് ഏര്‍പ്പെടുത്തി. സ്വദേശിവത്കരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് ഇത്. മാനേജീരിയല്‍, അഡ്മിനിസ്‌ട്രേറ്റിവ്, ക്ലറിക്കല്‍ തസ്തികകളില്‍ പുതിയ വിസ അനുവദിക്കുന്നതിനാണ് മാനവ വിഭവശേഷി മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്. സ്വകാര്യ മേഖലയിലെ അസി.ജനറല്‍ മാനേജര്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍, ഹ്യൂമന്‍ റിസോഴ്‌സസ് മാനേജര്‍, എംപ്ലോയി അഫെയേഴ്‌സ് മാനേജര്‍, ട്രെയ്‌നിംഗ് മാനേജര്‍, പബ്ലിക് റിലേഷന്‍സ് മാനേജര്‍, ഫോളോ അപ് മാനേജര്‍, അസി.മാനേജര്‍ തസ്തികകള്‍ക്ക് പുറമെ അഡ്മിനിസ്‌ട്രേറ്റിവ്, ക്ലറിക്കല്‍ തസ്തികകളിലും പുതുതായി വിദേശികളെ ജോലിക്കെടുക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ അബ്ദുള്ള അല്‍ ബക്‌റിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സമ്പൂര്‍ണ വിസാ വിലക്ക് ഏര്‍പ്പെടുത്തിയ തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് നിലവിലെ വിസാ കാലാവധി കഴിയുന്നതു വരെ ജോലിയില്‍ തുടരാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍