ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം: രൂപരേഖ തയാറായി

കല്‍പ്പറ്റ: ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് 11, 12 തിയതികളില്‍ ജില്ലയില്‍ നടത്തുന്ന സമഗ്ര ശുചീകരണ യജ്ഞത്തിന് രൂപരേഖയായി. അമ്പത് വീടുകള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ അടങ്ങുന്ന ഒരു ക്ലസ്റ്റര്‍, വാര്‍ഡുകള്‍ എന്ന തലത്തിലാണ് ശുചീകരണ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ ക്ലസ്റ്ററിനും ആനുപാതികമായി ശുചിത്വ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ശുചിത്വ മാപ്പിംഗും മൈക്രോലെവല്‍ കര്‍മപരിപാടികളും നടത്തും. ജില്ലാതലത്തില്‍ കളക്ടര്‍ ചെയര്‍മാനും പഞ്ചായത്ത് ഉപഡയറക്ടര്‍ കണ്‍വീനറുമായ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ജില്ലാ ഭരണകൂടത്തൊടൊപ്പം ശുചിത്വമിഷനും ഹരിതകേരളം മിഷനും ഏകോപന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടും. കുടംബശ്രീ,സാക്ഷരത പ്രവര്‍ത്തകര്‍, യുവജന ക്ലബ് അംഗങ്ങള്‍, വിവിധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കും. ശുചീകരണത്തിനു ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍, പണിയായുധങ്ങള്‍ തുടങ്ങിയവ ആരോഗ്യവകുപ്പ്, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നിവരുടെ സഹായത്തോടെ കണ്ടെത്തും. പഞ്ചായത്തുതലത്തില്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പ്രത്യേകം രൂപരേഖയും തയാറാക്കും. ഇതിനു ഏഴിനകം പ്രത്യേകം യോഗം ചേരും. ഓരോ വാര്‍ഡുകളിലും പ്രദേശങ്ങളെ വേര്‍തിരിച്ച് ശുചീകരണ ടീമിനെ സജ്ജമാക്കിയാണ് പ്രവര്‍ത്തിക്കുക. ഹരിതകര്‍മ സേനാംഗങ്ങള്‍, ആശ പ്രവര്‍ത്തകര്‍, സാക്ഷരത പ്രവര്‍ത്തകര്‍ എന്നിവര്‍ ഇതിനു നേതൃത്വം നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പൊതുഇടങ്ങളിലാണ് ശുചീകരണം നടത്തുന്നത്. അജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ വേര്‍തിരിച്ച് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി കേന്ദ്രങ്ങളില്‍ സംഭരിക്കും. ഇവ പിന്നീട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നീക്കം ചെയ്യും. ജില്ലയെ മഴക്കാലത്തിനു മുമ്പ് വിവിധ തരത്തിലുളള മാലിന്യങ്ങളില്‍നിന്നു മുക്തമാക്കി രോഗഭീഷണിയില്‍നിന്നു മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമഗ്രശുചീകരണ യജ്ഞം ആസൂത്രണം ചെയ്തിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍