ബംഗാളില്‍ ഷായ്ക്കു പിന്നാലെ യോഗിക്കും പൂട്ട്; റാലിക്ക് അനുമതി നിഷേധിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതിനു പിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലിക്കും അനുമതി റദ്ദാക്കി. സൗത്ത് കോല്‍ക്കത്തയിലെ റാലിക്ക് നല്‍കിയ അനുമതിയാണ് റദ്ദാക്കിയതെന്ന് ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ പറഞ്ഞു. പശ്ചിമ ബംഗാളില്‍ ജനാധിപത്യം എന്നത് ഒരു തമാശയാണെന്നും അദ്ദേഹം പറഞ്ഞു. ജാദവ്പുരില്‍ അവസാന നിമിഷമാണ് അമിത് ഷായുടെ റാലിക്ക് അനുമതി നിഷേധിച്ചത്. ഇപ്പോള്‍ യോഗിയുടെ റാലിക്കും അനുമതി നിഷേധിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ഏജന്റുമാരെ പോലെയാണ് ഇവിടെ പ്രാദേശിക ഭരണകൂടം പ്രവര്‍ത്തിക്കുന്നതെന്നും ദിയോധര്‍ കുറ്റപ്പെടുത്തി. 19ന് നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായാണ് അമിത് ഷായും യോഗിയും ഇവിടെ എത്താനിരുന്നത്. അതേസമയം, മമത സര്‍ക്കാരിന്റെ നീക്കത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍