സൗദിയിലെ എണ്ണ പൈപ്പ് ലൈനിന് നേരെ ഡ്രോണ്‍ ആക്രമണം, ആശങ്ക ഒഴിയാതെ മദ്ധ്യപൂര്‍വേഷ്യ

റിയാദ്: സൗദി അറേബ്യയുടെ പ്രധാനപ്പെട്ട എണ്ണ പമ്പിംഗ് പൈപ്പ് ലൈനിലെ രണ്ട് പമ്പിംഗ് സ്റ്റേഷന് നേരെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് ആക്രമണം നടന്നതെന്നും സംഭവത്തെ തുടര്‍ന്ന് എണ്ണ പമ്പിംഗ് നിര്‍ത്തിവച്ചിരിക്കുകയാണെന്നും സൗദി ഊര്‍ജ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫാലിഹ് അറിയിച്ചു. എണ്ണ സമ്പുഷ്ടമായ കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് ചെങ്കടലിനടുത്തുള്ള ഭാഗത്താണ് ആക്രമണം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്‍ പിന്തുണയ്ക്കുന്ന യെമനിലെ ഹൂദി സേന സൗദിയെ ലക്ഷ്യമിടുന്നെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം നടന്നത്. 1200 കിലോ മീറ്റര്‍ നീളമുള്ള പൈപ്പ് ലൈനിലൂടെ ദിവസേന അഞ്ച് മില്യണ്‍ ബാരല്‍ എണ്ണയാണ് പമ്പ് ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് പൈപ്പ് ലൈനിലൂടെയുള്ള പമ്പിംഗ് താത്കാലികമായി നിര്‍ത്തിവച്ചെന്നും തകരാറുകള്‍ പരിശോധിച്ചു പരിഹരിച്ചു വരികയാണെന്നു കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, സംഭവത്തെ ഭീകരനീക്കമായാണ് മന്ത്രി ഖാലിദ് അല്‍ ഫാലിഹ് വിശേഷിപ്പിച്ചതെന്ന് വാര്‍ത്ത ഏജന്‍സിയായ എസ്.പി.എയെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. അറേബ്യന്‍ ഗള്‍ഫിലുണ്ടായ അട്ടിമറി നീക്കമാണിത്. രാജ്യത്തെ മാത്രമല്ല, ആഗോള സമ്പദ് വ്യവസ്ഥയില്‍ എണ്ണ വിതരണത്തിന്റെ സുരക്ഷയെയുമാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. ഭീകരരെ നേരിടേണ്ടത് പ്രധാനമാണെന്നാണ് ഈ ആക്രമണം കാണിക്കുന്നതെന്ന് മന്ത്രി പറയുന്നു. യു.എ.ഇയുടെ കിഴക്കന്‍ തീരത്തുള്ള ഫുജൈറ തുറമുഖത്തിന് സമീപം സൗദിയുടെ രണ്ട് ഓയില്‍ ടാങ്കറുകള്‍ ഉള്‍പ്പെടെ നാലു ചരക്ക് കപ്പലുകള്‍ക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മദ്ധ്യ പൂര്‍വേഷ്യന്‍ മേഖലയിലെ സംഘര്‍ഷത്തിന് ഒന്നുകൂടി ആക്കം കൂടി. യു.എസ് ഇറാന്‍ ഉടക്ക് യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്ക വളരുന്നതിനിടെയാണ് അമേരിക്കയുടെ ഉറ്റസുഹൃത്തായ സൗദിയുടെ കപ്പലുകള്‍ ആക്രമിക്കപ്പെട്ടിരിക്കുന്നത്. സൗദിയിലെ റാസ് തനൂര തുറമുഖത്തു നിന്നു ക്രൂഡ് ഓയിലുമായി അമേരിക്കയിലേക്ക് പോയ എണ്ണക്കപ്പലാണ് ഇതിലൊന്ന്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ആളപായമുണ്ടായതായും റിപ്പോര്‍ട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍