കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കടവൂര്‍ ശിവദാസന്‍ (87) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ നാലരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.കരുണാകരന്‍, എ.കെ.ആന്റണി എന്നിവരുടെ മന്ത്രിസഭകളില്‍ രണ്ടുവട്ടംവീതം മന്ത്രിയായിരുന്നു. തൊഴില്‍, എക്‌സൈസ്, വൈദ്യുതി, ആരോഗ്യം, വനം, ഗ്രാമവികസനം, ഭവനനിര്‍മാണം തുടങ്ങിയ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു. ഇന്നു വൈകുന്നേരം നാലിന് കൊല്ലം മുളങ്കാടകം ശ്മശാനത്തില്‍ സംസ്‌കാരം നടക്കും. കൊല്ലം ഡിസിസിയിലും വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. 
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അവശതയിലായിരുന്ന ശിവദാസനെ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ആര്‍എസ്പി യിലൂടെ പൊതു പ്രവര്‍ത്തനം തുടങ്ങിയ കടവൂര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1980 ലും 82 ലും ആര്‍എസ്പി സ്ഥാനാര്‍ഥിയായും 1991, 1996, 2001 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും മത്സരിച്ചു ജയിച്ചു. അംസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുവേണ്ടി ക്ഷേമനിധി ബോര്‍ഡ് രൂപവത്കരിക്കണമെന്ന ആശയം കടവൂര്‍ ശിവദാസന്റേതായിരുന്നു. 
അതോടെയാണ് എല്ലാ മേഖലയിലും ക്ഷേമനിധി ബോര്‍ഡ് കേരളത്തില്‍ നടപ്പില്‍ വന്നത്. ഭാര്യ: വിജയമ്മ. മക്കള്‍: മിനി എസ്., ഷാജി ശിവദാസന്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍