മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം കറുത്ത അധ്യായമെന്നു മായാവതി

ലക്‌നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വീണ്ടും ബിഎസ്പി അധ്യക്ഷ മായാവതി. ഗുജറാത്തില്‍ മോദി മുഖ്യമന്ത്രിയായിരുന്ന കാലം കറുത്ത അധ്യായമാണെന്നും മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകാനുള്ള യോഗ്യത മോദിക്കില്ലെന്നും മായാവതി പറഞ്ഞു. വര്‍ഗീയ ലഹളയും അരാജകത്വവും വിദ്വേഷവും നിറഞ്ഞ കാലമായിരുന്നു മോദിയുടെ ഗുജറാത്ത് ഭരണം. ജിഎസ്ടിയും നോട്ടു നിരോധനവും നടപ്പാക്കിയതിലൂടെ മറ്റുള്ളവരെല്ലാം അഴിമതിക്കാരാണെന്നു വരുത്തിത്തീര്‍ത്ത് ബിജെപി നല്ലപിള്ള ചമയുകയാണ്. അവരുടെ പ്രിയപ്പെട്ട കോടീശ്വരനായ അഴിമതിക്കാരന്‍ സാധാരണക്കാരന്‍ ബാങ്കിലിട്ട പണവുമായി രാജ്യം വിട്ടു. നോട്ട് നിരോധനം വലിയൊരു കുംഭകോണമാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. ദളിത് കി ബേട്ടി (ദളിതന്റെ പെണ്‍കുട്ടി) എന്നല്ല, ദൗലത് കി ബേട്ടി(സമ്പന്നയായ പെണ്‍കുട്ടി) എന്നു തന്നെ വിളിക്കുന്നവര്‍ ജാതിഭ്രാന്തരും ഇടുങ്ങിയ ചിന്തയുള്ളവരുമാണ്. ഇവരാണ് ദളിതര്‍ക്ക് സംവരണം വേണ്ടെന്നു പറയുന്നത്.നാലു തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്തെ വികസനപ്രവര്‍ത്തനങ്ങളും ക്രമസമാധാന പാലനവും ജനം എക്കാലവും ഓര്‍മിക്കുമെന്നും മായാവതി അവകാശപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍