മക്കയിലെ ക്ലോക്ക് ടവര്‍ മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു

സൗദി:റംസാനോടനുബന്ധിച്ച് മക്കയിലെ ക്ലോക്ക് ടവര്‍ മ്യൂസിയം സന്ദര്‍ശിക്കാന്‍ വിശ്വാസികള്‍ക്ക് അവസരം നല്‍കി തുടങ്ങി. നാല് നിലകളിലായി ക്രമീകരിച്ചിരിക്കുന്ന മ്യൂസിയം എല്ലാ ദിവസങ്ങളിലും പ്രവര്‍ത്തിക്കും. ഉച്ചക്ക് ഒരുമണിക്ക് ശേഷവും രാത്രി പത്ത് പണിക്ക് ശേഷവുമാണ് സന്ദര്‍ശനത്തിന് അനുമതിയുള്ളത്. പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലേക്ക് സന്ദര്‍ശരെ കൈപിടിച്ച് ആനയിക്കും വിധമാണ് മ്യൂസിയത്തിലെ ക്രമീകരണങ്ങള്‍. പുരാതന കാലങ്ങളില്‍ മനുഷ്യര്‍ സമയം തിട്ടപ്പെടുത്താനുപയോഗിച്ചിരുന്ന വിവിധ സംവിധാനങ്ങളെ കുറിച്ചും സൂര്യന്റെ ഭ്രമണപഥത്തെയും ചന്ദ്രനെയും താരാപഥങ്ങളെയും കൃത്യമായി പിന്തുടര്‍ന്ന് ദിവസവും, പ്രാര്‍ത്ഥനാ സമയവും ഖിബ് ലയുടെ ദിശയും നിര്‍ണ്ണയിച്ചിരുന്നതും വിശദീകരിക്കുന്നുണ്ട്. മാത്രവുമല്ല സൂര്യന്‍, ചന്ദ്രന്‍, ഭൂമി എന്നിവയുടെ കൂറ്റന്‍ മാതൃകകളുടെ സഹായത്തോടെ സൂര്യഗ്രഹണങ്ങളും മറ്റു സൗര പ്രതിഭാസങ്ങളും പ്രപഞ്ചത്തില്‍ എങ്ങിനെ സംഭവിക്കുന്നുവെന്നും ആഴത്തില്‍ പഠിക്കാം. മുന്‍കാലങ്ങളില്‍ മനുഷ്യര്‍ തങ്ങളുടെ ജീവിതവും പ്രവര്‍ത്തനങ്ങളും ചിട്ടപ്പെടുത്താന്‍ ഗോളശാസ്ത്രത്തെ ആശ്രയിച്ചിരുന്നതിന്റെ വിസ്മയകരമായ വിശദീകരണങ്ങള്‍ സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നു. ഏറ്റവും മുകളിലെ ബാല്‍ക്കണിയില്‍ നിന്ന് കൊണ്ട് മസ്ജിദുല്‍ ഹറമിന്റെയും ചുറ്റുപാടുകളുടേയും സമ്പൂര്‍ണ്ണമായ ദൃശ്യഭംഗി ആസ്വദിക്കുവാനും അവസരമുണ്ട്. ഒന്നിലധികം അന്താരാഷ്ട്ര വാച്ച് നിര്‍മ്മാണ കമ്പനികള്‍ ചേര്‍ന്ന് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത മക്ക ക്ലോക്ക് ടവറിന്റെ കൂറ്റന്‍ മാതൃക സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍