നടുക്കങ്ങള്‍ക്കിപ്പുറം ഒരു വ്രതകാലം

മനുഷ്യകുലത്തിന് സത്യാസത്യ വിവേചനത്തിന്റെ വഴികാണിച്ചുകൊണ്ട് ലോകത്ത് അവതീര്‍ണമായ നാല് ഏടുകളുടെ (വേദങ്ങള്‍) പൂര്‍ത്തീകരണവും ആ പരമ്പരയിലെ അവസാനത്തെ ഏടുമാണ് വിശുദ്ധ ഖുര്‍ ആന്‍. ഒരു റമദാന്‍ മാസരാവില്‍ മക്കയിലെ ഹീറാ ഗുഹയില്‍ വെച്ച് അന്ത്യ പ്രവാചകന്‍ മുഹമ്മദ് മുസ്തഫക്ക് (സ.അ) മാലാഖമാരിലെ മുഖ്യന്‍ ജീബരീല്‍ വഴി അതിലെ ആദ്യ സൂക്തങ്ങള്‍ ചൊല്ലിക്കൊടുത്തു എന്നാണ് ചരിത്രം. അതോടെ മുഹമ്മദിന്റെ പ്രവചകത്വത്തിനും തുടക്കമാവുകയായിരുന്നു. അന്ന് അദ്ദേഹത്തിന്റെ പ്രായം നാല്‍പത്. പിന്നീട് അദ്ദേഹം ഇരുപത്തിമൂന്ന് വര്‍ഷക്കാലം പ്രവാചകനായി ജീവിച്ചു. ഈ ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ടത്രെ മണ്ണും വിണ്ണുമടങ്ങിയ പ്രപഞ്ചത്തിന്റെയും അതിലെ മനുഷ്യരടക്കമുള്ള സര്‍വ്വ ചരാചരങ്ങളുടെയും ഉല്‍പത്തിയുടെയും വളര്‍ച്ചയുടെയും ഗതി വിഗതികളുടെയും, സൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ രൂപഭാവങ്ങളുടെയും അടിസ്ഥാന വിവവരങ്ങളും തത്ത്വങ്ങളും അടങ്ങിയ ഖുര്‍ആന്റെ അവതരണം പൂര്‍ത്തിയായത്. ഈ ദൈവിക വെളിപാടു പുസ്തകത്തിന്റെ അവതരണത്തിന്റെ വാര്‍ഷികാചരണമാണ് റമദാനിലെ വ്രതം. അഥവാ ഖുര്‍ആന്‍ അവതരിപ്പിച്ചു നല്‍കിയതിന് ദൈവത്തോടുള്ള മനുഷ്യരുടെ നന്ദി പ്രകടനം. ഇതൊരു നിര്‍ബന്ധ വ്രതം. ലോകമുസ്ലിം സമൂഹമാണ് റമദാനിലെ വ്രതം അനുഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇതെല്ലാവര്‍ഷവും റമദാനില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. വ്രതവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളനുസരിച്ച് മുന്‍ സമുദായങ്ങള്‍ക്കും വ്രതം നിര്‍ബന്ധമാക്കപ്പെട്ടിരുന്നു എന്നുകാണാം. എന്നാല്‍ സൂര്യോദയം മുതല്‍ സൂര്യാസ്തമനം വരെ അന്നപാനീയങ്ങള്‍ പുര്‍ണമായി വര്‍ജിച്ചും, സ്വാഭാവിക ആസക്തികളില്‍ നിന്നും വിട്ടുനിന്നും പ്രാര്‍ത്ഥനാ നിര്‍ഭരമായ ഹൃദയവും മനസ്സുമായി പൂര്‍ണാര്‍ത്ഥത്തില്‍ ഉപവസിക്കുന്ന സമൂഹം ഇന്ന് ലോകത്ത് മുഹമ്മദിയര്‍ മാത്രമേ ഉള്ളൂ. ഇങ്ങിനെ പറയുമ്പോഴും ഇത്ര കര്‍ക്കശമായ നിബന്ധനകള്‍ പാലിച്ചല്ലങ്കിലും നിര്‍മല ഹൃദയവുമായി വിവിധ കാലങ്ങളില്‍ വിവിധ രീതികളില്‍ വ്രമനുഷ്ടിക്കുന്ന ഇതരമതസ്ഥരെ ആദരവോടെ ഓര്‍ക്കാതിരിക്കുന്നില്ല. ഇസ്ലാമില്‍ റമദാന്‍ വ്രതം കൊണ്ടുദ്ദേശിക്കുന്നത് ഓരോ വ്യക്തിയും താന്‍ തന്റെ കര്‍മമണ്ഡലത്തിലും വ്യക്തി ജീവിതത്തിലും ചെയ്തു പോയ തെറ്റുകുറ്റങ്ങള്‍ സ്വയം വിശകലനം ചെയ്തു കൊണ്ട് പശ്ചാത്താപത്തിന്റെ മാനസികാവസ്ഥയുമായി സംവദിച്ച് പ്രായശ്ചിത്തം ചെയ്ത് മനസ്സും ഹൃദയവും ശുദ്ധമാക്കി ഏടുക്കുക എന്നതാണ്. ഉപവാസം ആ പ്രക്രിയയുടെ ബാഹ്യരൂപവും. റമദാന്‍ രാവുകളിലെ അധിക പ്രാര്‍ത്ഥനകളും ദാനധര്‍മ്മങ്ങള്‍ അധികരിപ്പിക്കലുമൊക്കെ അതിന്റെ ഭാഗം തന്നെ. ഓരോ വര്‍ഷവും റമദാന്‍ കടന്നുവരുമ്പോള്‍ വിശ്വാസിക്ക് വ്രതനാളുകളെ ഉള്‍ക്കൊള്ളാനുള്ള മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇത്തവണത്തെ റമദാന്‍ പൂര്‍വ്വനാളുകള്‍ ലോക മുസ്ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം ഭയത്തിന്റെയും ദുഖത്തിന്റെയും ആശങ്കകളുടെയും നാളുകളായി മാറി. ന്യൂസിലാണ്ടിലെ മുസ്ലിം പള്ളികളിലും കൊളംബോയിലെ ക്രിസ്ത്യന്‍ ദേവാലത്തിലും നടന്ന ഭീകാരാക്രമണങ്ങള്‍ ശരിയായ പാന്ഥാവിലൂടെ മുന്നേറുന്ന ഇസ്ലാം മത വിശ്വാസികളുടെ മനസ്സുലക്കുന്നതായി പോയി. പിന്നീടിതാ റമദാന്‍ തുടങ്ങിയ ശേഷം ബുര്‍ക്കിനാഫോസയിലും നടന്നു ഒരു ഭീകരാക്രമണം. ഒരിടത്തവര്‍ ഇരകളായപ്പോള്‍ മറ്റിടങ്ങളില്‍ അവര്‍ അക്രമികളായിപോയി. യഥാര്‍ത്ഥത്തില്‍ ആ അക്രമികളെ മുസ്ലിംകളെന്നല്ല മുസ്ലിം നാമധാരികളെന്ന് മാത്രമേ പറയാന്‍ പറ്റൂ. കാരണം നിരപരാധികളെ വേട്ടയാടുന്നത് ഖുര്‍ ആന്‍ തന്നെ നിരോധിച്ച കൊടുംപാപമാണ്. മാര്‍ഗഭ്രംശം സംഭവിച്ച ചിലര്‍ നടത്തുന്ന ഈ ഭീകരപ്രവര്‍ത്തനം മൂലം ദുഷ്‌പേര് വരുന്നത് മുസ്ലിംകള്‍ക്ക് പൊതു വിലായും. ഈ അക്രമികൂട്ടങ്ങള്‍ ലോകത്തെ ഇസ്ലാം വിരുദ്ധ സയണിസ്റ്റ് ശക്തികളുടെ കയ്യിലെ പാവയായി മാറികൊണ്ടിരിക്കുകയാണ്. ലോകം പൊതുവില്‍ ഈവിഷയം എന്ന് തിരിച്ചറിയും എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യചിഹ്നം. ഇക്കഴിഞ്ഞ ദിവസങ്ങളിലിതാ പശ്ചിമേഷ്യന്‍ മേഖലയില്‍ നിന്നും ഒരു യുദ്ധത്തിന്റെ സൂചനകള്‍ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍