പ്രളയസെസ് ജൂണ്‍ മുതല്‍

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താന്‍ ജി.എസ്.ടി.ക്ക് പുറമെ ഒരു ശതമാനം അധികനികുതി ഏര്‍പ്പെടുത്തുന്ന പ്രളയസെസ് ജൂണില്‍ നിലവില്‍ വരും. ഇതോടെ നിത്യോപയോഗ സാധനങ്ങളുള്‍പ്പെടെ നികുതിയുള്ള ഉത്പന്നങ്ങള്‍ക്കെല്ലാം സംസ്ഥാനത്ത് വിലയേറും. ജൂണ്‍ ഒന്നുമുതല്‍ സെസ് നടപ്പാക്കുന്ന തരത്തില്‍ ഉത്തരവ് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
സംസ്ഥാനത്തിനകത്ത് മാത്രമാണ് സെസ് . കേരളത്തിന് പുറമെ നിന്ന് വാങ്ങുന്നവയ്ക്ക് സെസ് ഉണ്ടാകില്ല. രണ്ടുവര്‍ഷം സെസ് ഈടാക്കുന്നതിലൂടെ 600 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.ഒരു ശതമാനം പ്രളയസെസ് നടപ്പ് ബഡ്ജറ്റിലാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഏപ്രില്‍ ഒന്നു മുതല്‍ സെസ് നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വന്നതിനാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം നീട്ടി വയ്ക്കുകയായിരുന്നു.പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തെ പുനര്‍നിര്‍മ്മിക്കാന്‍ 27000 കോടിയോളം രൂപ വേണമെന്നാണ് കണക്ക്. ഇതിന് പണം കണ്ടെത്താന്‍ വിദേശവായ്പകളും വിദേശത്തും സ്വദേശത്തുമുള്ള മലയാളികളുടെ സംഭാവനകളെയും കേന്ദ്രസഹായത്തെയും സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ മൊത്തശമ്പളവുമൊക്കെയാണ് സര്‍ക്കാര്‍ ആശ്രയിക്കുന്നത്. ഇതിന് പുറമെ ജി.എസ്.ടിക്ക് മേല്‍ രാജ്യവ്യാപകമായി ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തി 2000 കോടി സമാഹരിക്കാനുള്ള നിര്‍ദ്ദേശവും സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിച്ചു. എന്നാല്‍ ഇത് ജി.എസ്.ടി കൗണ്‍സില്‍ തള്ളി. ഇതോടെയാണ് കേരളത്തില്‍ മാത്രമായി പ്രളയസെസ് പിരിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ പ്രത്യേകാനുമതി നല്‍കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍