വംശനാശ ഭീഷണിയില്‍ കായല്‍ മീനുകള്‍

കുമരകം : അടുക്കളയിലെ 'രുചിമീനുകള്‍' വംശനാശഭീഷണി നേരിട്ടതോടെ ഉള്‍നാടന്‍ മത്സ്യബന്ധന മേഖല കനത്ത പ്രതിസന്ധിയില്‍. മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങളായിരുന്ന പാടശേഖരങ്ങളില്‍ മഴക്കാലത്തും കൃഷി തുടരുന്നതും അമിത കീടനാശിനി പ്രയോഗവും കായല്‍മലിനീകരണവുമാണ് മത്സ്യസമ്പത്ത് കുറയാനുള്ള പ്രധാന കാരണമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആറിനം മത്സ്യങ്ങള്‍ വംശനാശഭീഷണി നേരിടുമ്പോള്‍, ഹൗസ് ബോട്ടുകളില്‍ നിന്നും റിസോര്‍ട്ടുകളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളും മത്സ്യസമ്പത്തിന് ഭീഷണിയാകുന്നു.പ്രളയത്തില്‍ ഒഴുകിയെത്തിയ മണലും ചെളിയും വേമ്പനാട്ട് കായലിന്റെ ആഴം കുറച്ചിട്ടുണ്ട്. 1974ല്‍ 16,000 ടണ്‍ മത്സ്യസമ്പത്ത് വേമ്പനാട്ട് കായലില്‍ നിന്ന് ലഭിച്ചിരുന്നെങ്കില്‍ ഇപ്പോഴത് 8,000 ടണ്ണായി ചുരുങ്ങി. തണ്ണീര്‍മുക്കം ബണ്ടിന്റെ തെക്കന്‍ മേഖലയിലെ മത്സ്യലഭ്യത 4,000 ടണ്ണില്‍ നിന്നു 600 ടണ്ണായി കുറഞ്ഞതും മത്സ്യസമ്പത്തിന്റെ നാശത്തെയാണ് സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യമുള്ളത് വേമ്പനാട്ട് കായലിലാണ്. ഇവിടെ നിന്ന് പിടിച്ച മീനുകളിള്‍ പ്ലാസ്റ്റിക്കിന്റെ സാന്നിദ്ധ്യമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക്കിന്റെ അളവ് വര്‍ദ്ധിച്ചത് മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിച്ചിട്ടുണ്ട്. മത്സ്യസമ്പത്തിന്റെ കുറവുമൂലം ജില്ലയിലെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ ജീവിതവും വഴിമുട്ടിയ അവസ്ഥയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍