പാല്‍ക്കുപ്പിയിലും വിഷമെന്നു റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കാന്‍സറിനു കാരണമാകുന്നെന്നു കണ്ടെത്തി നിരോധിച്ച പ്ലാസ്റ്റിക് ഘടകങ്ങളാണ് രാജ്യത്ത് വിറ്റഴിക്കുന്ന പിഞ്ചുകുഞ്ഞു ങ്ങള്‍ക്കുള്ള പാല്‍ക്കുപ്പികളില്‍ ഉള്ളതെന്നു പഠന റിപ്പോര്‍ട്ട്. കേരളത്തിലേത് അടക്കം ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ച ഗോഹട്ടി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (ഐഐടി) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗുജറാത്തില്‍ നിന്നുള്ള സാമ്പിളിലാണ് ഏറ്റവും മോശമായ പ്ലാസ്റ്റിക് ഘടകമുള്ളതെന്നും കേരളത്തില്‍ നിന്നു കണ്ടെ ത്തിയതില്‍ ഇതു കുറവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ക്കുള്ള പാല്‍ക്കുപ്പികളില്‍ സിന്തറ്റിക് ഘടകമായ ബിസെഫിനോള്‍ എ (ബിപിഎ) ഉണ്ടാകരുതെന്നു ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബിഐഎസ്) നിഷ്‌കര്‍ഷിക്കുന്നതിനിടെയാണ് രാജ്യത്തുള്ള കുപ്പികളില്‍ നിന്നു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന വിധത്തിലുള്ള ഘടകങ്ങള്‍ നിറഞ്ഞതാണെന്നു കണ്ടെ ത്തിയിരിക്കുന്നത്. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, ജാര്‍ഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുപ്പികളിലെ രാസഘടകങ്ങളാണ് ഗോഹട്ടി ഐഐടി പരിശോധിച്ചത്. ബ്രാന്‍ഡഡ് ആയതും അല്ലാത്തതുമായ 20 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 0.9 മുതല്‍ 10.5 പിപിബി (പാര്‍ട്‌സ് പേര്‍ ബില്യണ്‍) വരെ അളവില്‍ ബെസഫിനോള്‍ എ ചേര്‍ന്നിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ നിന്നുള്ള സാമ്പിളില്‍ 0.9 പിപിബിയും ഗുജറാത്തില്‍ 10.5 പിപിബിയുമാണ് കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ നിന്നുള്ളവയില്‍ 1.9 മുതല്‍ 4.8 പിപിബി വരെ കണ്ടെത്തിയിട്ടുണ്ട്. സിന്തറ്റിക് ഘടകമായ ബിസഫിനോള്‍ എ ശരീരത്തില്‍ കടക്കുന്നതു മൂലം സ്തനം, മസ്തിഷ്‌കം എന്നിവയെ ബാധിക്കുന്ന കാന്‍സര്‍, തൈറോയ്ഡ്, വന്ധ്യത, ഹൃദയരോഗങ്ങള്‍, പ്രമേഹം തുടങ്ങിയവയ്ക്ക് കാരണമാകുമെന്നു ലോക ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുപ്പികള്‍ ചൂടാക്കുകയോ ചൂടായ പാലോ വെള്ളമോ കുപ്പിയിലെടുത്ത് ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെ ബിപിഎ അതില്‍ ലയിച്ചു ചേരുകയും ശരീരത്തിലെത്തുകയും ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതു കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് 2015ല്‍ ബിഐഎസ് കുട്ടികള്‍ക്കുള്ള പാല്‍ക്കുപ്പിയില്‍ ബിപിഎ അടങ്ങുന്നത് നിരോധിച്ചത്. എന്നാല്‍, കുപ്പികളില്‍ അടങ്ങിയിരിക്കുന്ന ബിപിഎയുടെ അളവ് കണ്ടെ ത്തുന്നതിനു നിലവില്‍ മാനദണ്ഡങ്ങള്‍ ഇല്ലാത്തതും ഗുണനിലവാരം ഉറപ്പ് വരുത്താത്തതുമാണ് ഏറ്റവും മോശമായ കുപ്പികള്‍ വിപണിയിലെത്താന്‍ കാരണമാകുന്നെന്നു പഠനത്തിനു മേല്‍നോട്ടം നടത്തിയ പിയൂഷ് മൊഹാപത്ര പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍