അമേരിക്ക തടഞ്ഞുവെച്ച ചരക്കുകപ്പല്‍ ഉടന്‍ വിട്ടുതരണമെന്ന് ഉത്തരകൊറിയ

പ്യോഗ്‌യാംഗ്: അമേരിക്ക തടഞ്ഞുവെച്ചിരിക്കുന്ന ചരക്കുകപ്പല്‍ ഉടന്‍ വിട്ടു നല്‍കണമെന്ന് ഉത്തര കൊറിയ. അമേരിക്ക നടത്തിയിരിക്കുന്നത് കൊള്ളയടിയാണെന്നും സൈനിക ശക്തി ഉപയോഗിച്ച് ഉത്തര കൊറിയയെ വരുതിയില്‍ നിര്‍ത്താമെന്ന് അമേരിക്ക കരുതുന്നെങ്കില്‍ അത് അവരുടെ ഏറ്റവും വലിയ തെറ്റായ കണക്കുകൂട്ടലാകുമെന്നും ഉത്തര കൊറിയ പ്രതികരിച്ചു. അന്താരാഷ്ട്ര ഉപരോധങ്ങള്‍ ലംഘിച്ച് കല്‍ക്കരി കയറ്റുമതിക്ക് ശ്രമിച്ചെന്ന് ആരോപിച്ചാണ് അമേരിക്ക കപ്പല്‍ തടഞ്ഞുവെച്ചിരിക്കുന്നത്.ഉത്തര കൊറിയയുടെ വൈസ് ഹോണസ്റ്റ് എന്ന കപ്പല്‍ 2018 ഏപ്രിലില്‍ ഇന്‍ഡോനേഷ്യയാണ് കസ്റ്റഡിയിലെടുത്തത്. കപ്പല്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വാഷിങ്ടണിലെ കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. നടപടിക്കെതിരെ പ്രതികരണം അറിയിക്കാന്‍ ഉത്തരകൊറിയക്ക് 60 ദിവസം സമയം ഉണ്ടെങ്കിലും അവര്‍ കോടതിയെ സമീപിക്കില്ലെന്നാണ് സൂചന. കപ്പലിന്റെ സംരക്ഷണ ചിലവുകള്‍ക്കായുള്ള പണം അമേരിക്കയിലെ ധനകാര്യ സ്ഥാപനങ്ങള്‍ വഴിയാണ് നല്‍കുന്നത്. കപ്പല്‍ അമേരിക്കയ്ക്ക് കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഉത്തരകൊറിയയുടെ പ്രതികരണം. ഉത്തര കൊറിയയെ പരമാവധി സമ്മര്‍ദ്ദത്തില്‍ നിര്‍ത്താനുള്ള ശ്രമമാണിതെന്നും ഇത് ജൂണ്‍ 12ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ഡൊണാള്‍ഡ് ട്രംപും നടത്തിയ സംയുക്ത പ്രസ്താവനയുടെ അന്തസത്തക്ക് വിരുദ്ധമാണെന്നും ഉത്തരകൊറിയ പ്രതികരിച്ചു. സൈനിക ശക്തി ഉപയോഗിച്ച് വരുതിയില്‍ നിര്‍ത്താമെന്നാണ് അമേരിക്ക കരുതുന്നതെങ്കില്‍ അത് അവരുടെ കണക്കുകൂട്ടലിലെ വലിയ പിഴവാണെന്നും ഉത്തരകൊറിയന്‍ ഔദ്യോഗിക മാധ്യമം കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.അന്താരാഷ്ട്ര ഉപരോധം നിലനില്‍ക്കെ ഉറവിടം വ്യക്തമാക്കാതെ ഉന്നത നിലവാരമുള്ള കല്‍ക്കരി കയറ്റുമതി ചെയ്യാനും തിരികെ വന്‍കിട യന്ത്രോപകരണങ്ങള്‍ ഇറക്കുമതി ചെയ്യാനുമാണ് കപ്പല്‍ ഉപയോഗിച്ചിരുന്നതെന്നാണ് അമേരിക്കയുടെ ആരോപണം. കഴിഞ്ഞവര്‍ഷം നടന്ന ഉച്ചകോടിക്ക് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിലും ട്രംപ് കിം ജോങ് ഉന്‍ ഉച്ചകോടി നടന്നെങ്കിലും കാര്യമായ തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ ഇല്ലാതെ പിരിയുകയായിരുന്നു. ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന് ഉത്തര കൊറിയയും സമ്പൂര്‍ണ്ണ ആണവ നിരായുധീകരണം വേണമെന്ന് അമേരിക്കയും നിലപാടുകളില്‍ ഉറച്ചുനിന്നതാണ് ഉച്ചകോടി പരാജയപ്പെടാന്‍ കാരണം. ഇതിന് പിന്നാലെ ഉത്തര കൊറിയ രണ്ട് തവണ ആണവ ആയുധ വാഹക ശേഷിയുള്ള മിസൈലുകള്‍ പരീക്ഷിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍