ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം ഉയര്‍ന്നു. അഞ്ചു വര്‍ഷത്തിനിടെ ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയോളം ഉയര്‍ന്ന് 94 കോടിയായി. 2014 ഓഗസ്റ്റ് മുതല്‍ 2019 ഫെബ്രുവരി വരെയുള്ള കാലയളവില്‍ 42 കോടി കാര്‍ഡുകളാണ് രാജ്യത്ത് പുതുതായി നല്കിയിട്ടുള്ളത്. ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം ഇത്രയധികം വര്‍ധിച്ചെങ്കിലും എടിഎമ്മുകളുടെ വര്‍ധന 20 ശതമാനം മാത്രമാണ്. അതായത് എടിഎമ്മുകളുടെ എണ്ണം 1.7 ലക്ഷത്തില്‍നിന്ന് 2.02 ലക്ഷമായി ഉയര്‍ന്നു. അതേസമയം പ്രചാരത്തിലുള്ള കറന്‍സി 21.36 ലക്ഷം കോടി രൂപയായി. എടിഎമ്മുകള്‍ക്കായി ആര്‍ബിഐയുടെ പുതിയ നിബന്ധനകള്‍ക്കുള്ള അധിക ചെലവ് ആരു വഹിക്കും എന്നതില്‍ ബാങ്കുകളും എടിഎമ്മുകളും തമ്മിലുള്ള അവ്യക്തതയാണ് എടിഎമ്മുകളുടെ വളര്‍ച്ച കാര്യമായി ഉണ്ടാവാത്തത് എന്നാണ് വിലയിരുത്തല്‍. വലിയ ബാങ്കുകളെല്ലാംതന്നെ പുതിയ എടിഎമ്മുകള്‍ തുടങ്ങുന്ന തീരുമാനം പിന്‍വലിച്ചു. എടിഎമ്മുകളിലേക്ക് പണം കൊണ്ടുപോകുന്ന വാനില്‍ മള്‍ട്ടിപ്പിള്‍ സെക്യൂരിറ്റി സിസ്റ്റം വേണമെന്ന് കഴിഞ്ഞ വര്‍ഷമാണ് ആര്‍ബിഐ നിര്‍ദേശിച്ചത്. ഇതുപ്രകാരം പണം കൊണ്ടുപോകുന്ന വാനില്‍ ജിപിഎസും ആയുധമുള്ള സുരക്ഷാ ജീവനക്കാരനും ഉണ്ടായിരിക്കണം. കൂടാതെ കൊണ്ടുപോകാവുന്ന തുകയ്ക്കും പരിധി നിശ്ചയിച്ചു. മാത്രമല്ല മെറ്റല്‍ കാനിസ്റ്ററുകളില്‍ കറന്‍സി എങ്ങോട്ടാണ് മാറ്റുന്നതെന്നറിയാനുള്ള കസറ്റ് സ്വാപ് സംവിധാനം കൊണ്ടുവരണമെന്നും ആര്‍ബിഐ പറഞ്ഞിരുന്നു. ഒപ്പം ഒരോ വര്‍ഷവും നെറ്റ്‌വര്‍ക്ക് അപ്‌ഗ്രേഡ് ചെയ്യുകയും വേണം.
എടിഎമ്മുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്കുകള്‍ പുറം കരാറാണ് നല്കാറുള്ളത്. സുരക്ഷാ സംവിധാനം ഉയര്‍ത്തിയതിനാല്‍ ഒരു എടിഎമ്മിന് ഒരു മാസം 4,900 രൂപയാണ് കാഷ് ലൊജിസ്റ്റിക്‌സ് കമ്പനികള്‍ അധികമായി ചോദിച്ചത്. ഇത് നല്കാന്‍ ബാങ്കുകള്‍ വിസമ്മതിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍