ബസ് ടിക്കറ്റ് നല്കാന്‍ ഇനി ആന്‍ഡ്രോയ്ഡ് മെഷീന്‍

കൊച്ചി: രാജ്യത്തെ ആദ്യ ആന്‍ഡ്രോയിഡ് അധിഷ്ഠിത ബസ് ടിക്കറ്റിംഗ് മെഷീനും ഐഎസ്ആര്‍ഒയുടെ നാവിക് ഉപഗ്രഹ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എക്ലിപ്‌സ് എന്ന ആദ്യ വാഹന ഗതിനിര്‍ണയ (ട്രാക്കിംഗ്) ഉപകരണവും പുറത്തിറക്കി. കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത വിഎസ്ടി മൊബിലിറ്റി സൊല്യൂഷന്‍സ് എന്ന സ്ഥാപനമാണ് ഇവ വികസിപ്പിച്ചെടുത്തത്. മോബ്‌ഗോ എന്ന പേരില്‍ 5.5 ഇഞ്ച് മോണിറ്ററോടെയുള്ള മെഷീനാണ് അവതരിപ്പിച്ചിരിക്കുന്നത്. മൊബൈല്‍ ഇടപാടുകള്‍ അടക്കം സാധ്യമാക്കുന്ന 'നോ ഫീല്‍ഡ് കമ്യൂണിക്കേഷന്‍' (എന്‍എഫ്‌സി) സാങ്കേതികവിദ്യയിലൂടെ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് കറന്‍സിരഹിത ഇടപാട് നടത്താന്‍ സാധിക്കും. സംവിധാനത്തിന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെ അംഗീകാരവും ലഭിച്ചു. ജിപിഎസിനു പകരം 2019 ഏപ്രില്‍ ഒന്നുമുതല്‍ നാവിക് അടിസ്ഥാനമാക്കിയാണ് വാഹനങ്ങളില്‍ ഗതിനിര്‍ണയ സംവിധാനം ഘടിപ്പിക്കേണ്ടതെന്ന് ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. സ്മാര്‍ട്ട് എക്ലിപ്‌സ് എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നത്. വിഎസ്ടി മൊബിലിറ്റി സൊല്യൂഷന്റെ സുപ്രധാന കാല്‍വയ്പില്‍ അഭിമാനവും ആഹ്ലാദവുമുണ്ടെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ടിക്കറ്റ് മെഷീന് ഇതിനകം തന്നെ ഖത്തര്‍, സൗദി അറേബ്യ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ഒരു ലക്ഷം ഉപകരണങ്ങളാണ് കമ്പനി പുറത്തിറക്കുകയെന്നു നിക്ഷേപകനും എബിഡിജി ഇന്ത്യയുടെ ഡയറക്ടറുമായ നിതിന്‍ ഗുലിയാനി പറഞ്ഞു. സ്‌കൂള്‍ ബസിലും പൊതുഗതാഗതത്തിലും തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാകുന്ന കാമറകളും വിഎസ്ടി ഇന്‍ഫോടെയിന്‍മെന്റ് മുന്നോട്ടുവയ്ക്കുന്നു. കേരളത്തില്‍ത്തന്നെ 250 പേരെക്കൂടി ജോലിക്കെടുക്കാന്‍ വിഎസ്ടിക്കു പദ്ധതിയുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ 'വെഹിക്കിള്‍എസ്ടി' പ്ലാറ്റ്‌ഫോമില്‍ അംഗത്വം നേടാനും കമ്പനി സൗകര്യമൊരുക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍