കാര്‍ത്തി ചിദംബരത്തിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: വിദേശയാത്രാ അനുമതിക്കായി കെട്ടിവച്ച 10 കോടി രൂപ മടക്കിത്തരണമെന്ന് ആവശ്യപ്പെട്ടുള്ള കാര്‍ത്തി ചിദംബരത്തിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗൊയി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സ്വന്തം മണ്ഡലത്തിന്റെ കാര്യം നോക്കൂ' എന്നു പറഞ്ഞാണ് ശിവഗംഗ എംപിയായ കാര്‍ത്തി ചിദംബരത്തിന്റെ ആവശ്യം കോടതി തള്ളിയത്. സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണം നേരിടുന്നയാളാണ് കാര്‍ത്തി. ഈ വര്‍ഷമാദ്യം അമേരിക്ക, സ്‌പെയിന്‍, ജര്‍മനി എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്രയ്ക്കുള്ള അനുമതിക്കായാണ് കോടതിയില്‍ പണം കെട്ടിവച്ചത്. സെക്യൂരിറ്റി നിക്ഷേപമായി 10 കോടി രൂപ നല്‍കുകയായിരുന്നു. ഈമാസം ആദ്യം വിദേശത്തേക്ക് യാത്ര ചെയ്യാനുള്ള അനുമതി വീണ്ടും അദ്ദേഹം തേടിയിരുന്നു. ടെന്നിസ് അസോസിയേഷന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ യുഎസ്, ജര്‍മനി, സ്‌പെയ്ന്‍ എന്നിവിടങ്ങളിലേക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ മുമ്പ് കെട്ടിവെച്ച തുകയ്ക്ക് പുറമേ 10 കോടി രൂപ കൂടി സെക്യൂരിറ്റി നിക്ഷേപമായി നല്‍കണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്. ആദ്യം കെട്ടിവച്ച 10 കോടി രൂപ ലോണ്‍ എടുത്തതാണെന്നും അതിനാല്‍ ആ തുക റീഫണ്ട് ചെയ്യണമെന്നും കാര്‍ത്തി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ 10 കോടി രൂപ റീഫണ്ട് ചെയ്യാം. ഉത്തരവിലെ സെക്യൂരിറ്റി നിക്ഷേപം 20 കോടിയായി വര്‍ധിപ്പിച്ച ശേഷമെന്ന് കോടതി വ്യക്തമാക്കി. അതിന് തയാറാണോയെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍