രഞ്ജിത്ത് ജോണ്‍സണ്‍ വധം: ഏഴ് പേര്‍ക്ക് ജീവപര്യന്തം

പ്രതികള്‍ക്ക് ജാമ്യവും പരോളും നല്‍കരുതെന്ന് കോടതി

കൊല്ലം: വൈരാഗ്യത്തില്‍ പേരൂര്‍ സ്വദേശി രഞ്ജിത്ത് ജോണ്‍സണെ (40) കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ ഏഴ് പേര്‍ക്ക് ജീവപര്യന്തം. കൊല്ലം സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 15നാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയി കൊന്ന് കുഴിച്ച് മൂടിയത്. അഞ്ചംഗ സംഘമാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയത്. കേസിലെപ്രതിയായ മനോജിന്റെ ഭാര്യ വര്‍ഷങ്ങളായി രഞ്ജിത്തിനൊപ്പമായിരുന്നു താമസം. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, മാരകമായി മുറിവേല്‍പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കു മേല്‍ ചുമത്തിയിട്ടുള്ളത്. കൊറ്റങ്കര പേരൂര്‍ അയ്യര്‍മുക്കിനു സമീപം പ്രോമിസ്ഡ് ലാന്‍ഡില്‍ രഞ്ജിത്ത് ജോണ്‍സനെ ഓഗസ്റ്റ് വീട്ടില്‍ നിന്നു വിളിച്ചുകൊണ്ടുപോയി ചാത്തന്നൂര്‍ പോളച്ചിറ ഏലായുടെ വിജനമായ സ്ഥലത്തു കാറിലിരുത്തി ഇടിച്ചുംതൊഴിച്ചും കൊലപ്പെടുത്തിയെന്നാണു കേസ്. മൃതദേഹം തമിഴ്‌നാട് തിരുനല്‍വേലിക്കു 15 കിലോമീറ്റര്‍ അടുത്തുള്ള സമുന്ദാപുരം പൊന്നക്കുടിയില്‍ പാറമട മാലിന്യം തള്ളുന്ന കുഴിയില്‍ മൂടുകയായിരുന്നു. സെപ്റ്റംബര്‍ 7നു കൈതപ്പുഴ ഉണ്ണി, വിനേഷ് എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റ് ചെയ്തത്. തഴുത്തല കണ്ണനല്ലൂര്‍ വാലിമുക്ക് പുതിയവീട്ടില്‍ പാമ്പ് മനോജ് എന്ന മനോജ് (40), പരവൂര്‍ നെടുങ്ങോലം പോസ്റ്റോഫീസിന് സമീപം കച്ചേരിവിള വീട്ടില്‍ കാട്ടുണ്ണി എന്ന രഞ്ജിത്ത് (30), പൂതക്കുളം എല്‍.പി.എസിന് സമീപം പാനാത്തുചിറയില്‍ വീട്ടില്‍ കൈതപ്പുഴ ഉണ്ണി എന്ന ബൈജു (39), തൃക്കോവില്‍വട്ടം വെറ്റിലത്താഴത്ത് റാം നിവാസില്‍ കുക്കു എന്ന പ്രണവ് (25), മുഖത്തല തൃക്കോവില്‍വട്ടം ഡീസന്റ് ജംഗ്ഷന്‍ കോണത്തു വടക്കതില്‍ വിഷ്ണു (21), കിളികൊല്ലൂര്‍ പവിത്രനഗര്‍ (150), വിനീത മന്ദിരത്തില്‍ വിനേഷ് (38), വടക്കേവിള കൊച്ചുമുണ്ടയില്‍ വീട്ടില്‍ റിയാസ് (30) എന്നിവരാണ് ഒന്ന് മുതല്‍ ഏഴ് വരെ പ്രതികള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍