കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച പഠിക്കാന്‍ ഫ്രഞ്ച് വിദഗ്ദ്ധന്‍ വരും

പാരീസ്:സാമ്പത്തിക വളര്‍ച്ചയുടെ കേരള മാതൃകയെപ്പറ്റി ആഴത്തില്‍ പഠനം നടത്താനും കേരളത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും താത്പര്യമുള്ളതായി പ്രമുഖ ഫ്രഞ്ച് ധനതത്വശാസ്ത്രജ്ഞന്‍ തോമസ് പിക്കറ്റി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. പാരീസില്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പാരീസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പ്രൊഫസറും ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെക്കുറിച്ചും സുസ്ഥിര വികസനത്തെക്കുറിച്ചും ശ്രദ്ധേയമായ ഗവേഷണങ്ങള്‍ നടത്തിയ വിദഗ്ദ്ധനുമായ ലൂകാസ് ചാന്‍സലും ചര്‍ച്ചയില്‍ പങ്കെടുത്തു. ഭൂപരിഷ്‌കരണത്തിലൂടെയും ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ നടത്തിയ വലിയ മുതല്‍മുടക്കിലൂടെയും കേരളം കൈവരിച്ച പുരോഗതിയെക്കുറിച്ച് താന്‍ ഏറെ ബോധവാനാണെന്ന് പിക്കറ്റി പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനപാതയാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ആരോഗ്യം, പൊതുവിദ്യാഭ്യാസം എന്നീ മേഖലകള്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് കൊണ്ടുവരാനാണ് രദ്ധിക്കുന്നത്. സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങളുടെ ഫലമായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ ചേരുകയാണ്. അസംഘടിത വിഭാഗങ്ങള്‍ക്കുള്ള ക്ഷേമപെന്‍ഷന്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിന് എല്ലാ രാജ്യങ്ങളിലും പുരോഗമനപരമായ നികുതിഘടന വേണമെന്ന് പിക്കറ്റി നിര്‍ദേശിച്ചു. കൂടുതല്‍ സമ്പത്തുള്ളവരില്‍ നിന്ന് കൂടുതല്‍ നികുതി ഈടാക്കണം. സമ്പന്നരുടെ നികുതി കുറയ്ക്കുന്നിന് ആഗോളമായി തന്നെ സമ്മര്‍ദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല രാഷ്ട്രങ്ങളും ഇവരുടെ വാദഗതികളാണ് ഉയര്‍ത്തുന്നത്. ഭൂനികുതി, വസ്തുനികുതി, സ്വത്ത്‌നികുതി എന്നിവയുടെ ഘടന മാറണം. കൂടുതല്‍ സമ്പത്തുള്ളവരില്‍ നിന്ന് കൂടുതല്‍ നികുതി ഈടാക്കുന്ന വിധത്തില്‍ നികുതി നിരക്ക് മാറിക്കൊണ്ടിരിക്കണം. കേരളം സന്ദര്‍ശിക്കാനുള്ള ക്ഷണം പിക്കറ്റി സ്വീകരിച്ചതിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു. ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ. ഇളങ്കോവന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍