വനിതാ ഡ്രൈവര്‍മാര്‍ക്കായി ടാറ്റയുടെ വുമണ്‍ അസിസ്റ്റ് സര്‍വീസ്

മുംബൈ: ടാറ്റാ മോട്ടോഴ്‌സ് ടിവിഎസ് ഓട്ടോ അസിസ്റ്റുമായി ചേര്‍ന്ന് വാഹനലോകത്തെ ആദ്യ വുമണ്‍ അസിസ്റ്റ് സര്‍വീസ് പദ്ധതിയാരംഭിച്ചു. ജൂണ്‍ ഒന്നു മുതല്‍ പദ്ധതിയുടെ സേവനങ്ങള്‍ ലഭ്യമാകും. അപകടങ്ങള്‍, ബാറ്ററി സംബന്ധമായ പ്രശ്‌നങ്ങള്‍, ടയര്‍ പഞ്ചര്‍, ഇന്ധനം തീരുക, മറ്റു മെക്കാനിക്കല്‍ തകരാറുകള്‍ തുടങ്ങിയ അടിയന്തര പരിഹാരമാവശ്യമായ പ്രശ്‌നങ്ങള്‍ക്ക് എളുപ്പത്തില്‍ ആവശ്യമായ സേവനങ്ങള്‍ നല്കാന്‍ ഇതിലൂടെ സാധിക്കുന്നു. സ്ത്രീ ഡ്രൈവര്‍മാരെ ശക്തീകരിക്കാന്‍ ലക്ഷ്യമിട്ടാണ് രണ്ട് കമ്പനികളും വനിതാ സഹായ പദ്ധതിക്ക് രൂപംനല്കിയത്. രാത്രി വൈകി ഡ്രൈവിംഗില്‍ അപ്രതീക്ഷിതമായി സംഭവിക്കാവുന്ന മെക്കാനിക്കല്‍ പ്രശ്‌നങ്ങളില്‍ വനിതകള്‍ക്ക് ഈ പദ്ധതി പരിഹാരമേകും. വില്പനാനന്തര സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ടാറ്റാ മോട്ടോഴ്‌സ് ടിവിഎസ് ആസിസ്റ്റുമായി ചേര്‍ന്ന് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ 14 കേന്ദ്രങ്ങളിലായി നടത്തുന്ന പദ്ധതിക്ക് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹന വനിതാ ഉപയോക്താക്കള്‍ക്ക് എല്ലാ ദിവസവും രാത്രി എട്ടു മുതല്‍ രാവിലെ അഞ്ചു വരെ ഈ സേവനം ലഭ്യമാകും. വുമണ്‍ അസിസ്റ്റ് സര്‍വീസ് പദ്ധതിയിലേക്ക് 18002097979 എന്ന നമ്പറില്‍ ബന്ധപ്പെടാം. 45 മിനിറ്റുകള്‍ക്കുള്ളില്‍ മെക്കാനിക്കല്‍ അല്ലെങ്കില്‍ ടോയിംഗ് സൗകര്യവുമായി പ്രിവന്‍ഷന്‍ ഓഫ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് (ജഛടഒ) പദ്ധതി പ്രകാരം പ്രത്യേക പരിശീലനം നേടിയ ടെക്‌നീഷന്മാരുടെ ഒരു ടീം സഹായവുമായി എത്തും. വാഹനത്തിന്റെ തകരാറ് പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത സര്‍വീസ് കേന്ദ്രത്തിലേക്ക് ഉടന്‍ വാഹനം മാറ്റും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍