മലയാളി ബന്ധമുള്ള രണ്ട് ഐസിസ് തീവ്രവാദികള്‍ സൗദിയില്‍ പിടിയില്‍, കേരളത്തില്‍ ആക്രമണത്തിന് പദ്ധതി

തിരുവനന്തപുരം: ശ്രീലങ്കയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ പിടിയിലായ രണ്ട് പേര്‍ക്ക് മലയാളി ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിമിന്റെ ബന്ധു മൗലാനാ റിള, സുഹൃത്ത് ഷഹ്‌നാഹ് നാവിജ് എന്നിവരാണ് കഴിഞ്ഞ ദിവസം സൗദിയില്‍ പിടിയിലായത്. ഇവര്‍ക്ക് കാസര്‍കോട്ടെ ഐഎസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് വലിയ പങ്കുണ്ടെന്നാണ് വിവരം. അതേസമയം, കേരളത്തില്‍ ഏത് വിധേനയും ആക്രമണം നടത്താന്‍ നിരവധി ചാവേറുകള്‍ തയ്യാറാണെന്നും ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കാസര്‍കോട് നിന്ന് സിറിയയിലേക്ക് കടന്ന മലയാളികളുടെ നേതൃത്വത്തില്‍ കൂടുതല്‍ മലയാളികളെ ഐസിസില്‍ ചേര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ തൃശൂര്‍ പൂരം അടക്കമുള്ള പരിപാടികളും കൊച്ചി നഗരവുമാണ് ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ മൂന്ന് മലയാളികളെക്കൂടി എന്‍.ഐ.എ പ്രതിചേര്‍ത്തു. ഖത്തറില്‍ കഴിയുന്ന കൊല്ലം കരുനാഗപ്പള്ളി ചങ്ങന്‍കുളങ്ങര അനസ് ഫ്‌ളോര്‍ മില്ലിനു സമീപം വക്കേത്തറയില്‍ അബു മര്‍വാന്‍ അല്‍ ഹിന്ദി എന്നറിയപ്പെടുന്ന മുഹമ്മദ് ഫൈസല്‍ (29), കാസര്‍കോട് അബു ഈസ എന്ന പി.എ. അബൂബക്കര്‍ സിദ്ദിഖ് (28), കാസര്‍കോട് എരുത്തുംകടവ് അഹമ്മദ് അറാഫത്ത് എന്നിവരെയാണ് പ്രതി ചേര്‍ത്തത്. കാസര്‍കോട്ട് നിന്ന് യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത കേസിലാണിത്. റിക്രൂട്ട്‌മെന്റ് കേസില്‍ ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി അബ്ദുള്‍ റാഷിദ് അബ്ദുള്ളയുടെയും അഫ്ഗാനിസ്ഥാനില്‍ ഒളിവിലുള്ള മറ്റൊരു പ്രതിയുടെയും നിരന്തര സ്വാധീനം നിമിത്തം പ്രതികള്‍ ഒറ്റ ഗ്രൂപ്പായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 2018 സെപ്തംബര്‍ മുതല്‍ ആസൂത്രണങ്ങള്‍ നടത്തി വരികയായിരുന്നു. ഫൈസലിന്റെയൊഴികെ മറ്റു പ്രതികളുടെ വീടുകളില്‍ ഏപ്രില്‍ 28 ന് നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകള്‍, സിംകാര്‍ഡുകള്‍, എയര്‍ഗണ്‍, പേഴ്‌സണല്‍ ഡയറികള്‍, ചില പുസ്തകങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. അബ്ദുള്‍ റാഷിദ് കാസര്‍കോട്ടും പാലക്കാട്ടുമുള്ള ചില യുവാക്കളെ ഐസിസില്‍ ചേരാനും ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനും നിരന്തരം പ്രേരിപ്പിക്കുന്നുണ്ടെന്ന് എന്‍.ഐ.എ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍