50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫലപ്രഖ്യാപനത്തിന് മുന്‍പ് 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണി ഒത്തുനോക്കണമെന്നാവശ്യം തള്ളിയ സുപ്രീം കോടതി വിധിക്കെതിരെ പ്രതിപക്ഷം നല്‍കിയ പുനപരിശോധനാ ഹര്‍ജിയും കോടതി തള്ളി. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് പോളിംഗ് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണാന്‍ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷന് ഏപ്രില്‍ എട്ടിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. 50 ശതമാനം സ്ലിപ്പുകളെണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി ഭാഗികമായി അനുവദിച്ചായിരുന്നു നടപടി. വലിയതോതില്‍ മാനവ വിഭവശേഷിയും അടിസ്ഥാന സൗകര്യവും വേണമെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു 50 ശതമാനം സ്ലിപ്പുകള്‍ എണ്ണണമെന്ന ആവശ്യം കോടതി അംഗീകരിക്കാതിരുന്നത്. എന്നാല്‍ ഇത് പോരെന്നും പകുതി വിവിപാറ്റുകളും എണ്ണണമെന്നും ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയെ സമീപിച്ചത്. ഇന്ന് കോടതി ചേര്‍ന്നപ്പോള്‍ തന്നെ പ്രതിപക്ഷത്തിന്റെ ഹര്‍ജി കോടതി തള്ളുകയായിരുന്നു. എന്നാല്‍ 25 ശതമാനമെങ്കിലും എണ്ണണമെന്ന് പ്രതിപക്ഷത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ഇതും അംഗീകരിച്ചില്ല.പുനപരിശോധന ഹര്‍ജിയും തള്ളിയോടെ ഫലപ്രഖ്യാപന ദിവസമായ മേയ് 23ന് മുമ്പ് ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളൊന്നും നിലവിലില്ല. അതേസമയം, കോടതി വിധി അംഗീകരിക്കുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതികരിച്ചു. ഒരു നിയമസഭാമണ്ഡലത്തിലെ ഒരു ബൂത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണാനായിരുന്നു കമ്മിഷന്‍ നേരത്തേ തീരുമാനിച്ചിരുന്നത്. വോട്ടിംഗ് യന്ത്രങ്ങളിലെ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് വിശ്വാസ്യത ഉറപ്പാക്കാന്‍ ഇത് 50 ശതമാനമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബുനായിഡുവിന്റെ നേതൃത്വത്തില്‍ ആറ് ദേശീയ പാര്‍ട്ടികളും 15 പ്രാദേശിക പാര്‍ട്ടികളും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പോള്‍ ചെയ്ത വോട്ടുകളും 50 ശതമാനം സ്ലിപ്പുകളും ഒത്തുനോക്കിയാല്‍ ഫലപ്രഖ്യാപനം ആറുദിവസമെങ്കിലും വൈകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. ഫലം വൈകിയാലും പകുതി വിവിപാറ്റുകളെങ്കിലും എണ്ണണമെന്നാണ് പ്രതിപക്ഷ നിലപാട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍