കൊച്ചി സ്മാര്‍ട് സിറ്റി: 4000 കോടിയുടെ നിക്ഷേപത്തിനു വികസനപദ്ധതികള്‍

കൊച്ചി: സ്മാര്‍ട് സിറ്റി കൊച്ചിയുടെ മൂന്ന്, നാല്, അഞ്ച് ഘട്ടങ്ങളിലായി 4,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി വികസന പദ്ധതി തയാറാക്കി. അടിസ്ഥാന സൗകര്യങ്ങളോടെ പാര്‍പ്പിടാവശ്യങ്ങള്‍ക്കുള്ള പ്ലോട്ടുകള്‍ വികസിപ്പിക്കുക, ടൗണ്‍ഷിപ്പ് മേഖലയില്‍ ബാക്കിയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പൂര്‍ത്തിയാക്കുക എന്നീ ലക്ഷ്യങ്ങളാണു പദ്ധതിയിലുള്ളത്. മൂന്നാംഘട്ടത്തില്‍ പാര്‍പ്പിടം, കായികം, വിനോദം, ബന്ധപ്പെട്ട മറ്റാവശ്യങ്ങള്‍ എന്നിവയ്ക്കായി 30 ഏക്കറാണു നീക്കിവയ്ക്കുകയെന്നു സ്മാര്‍ട് സിറ്റി കൊച്ചി സിഇഒ മനോജ് നായര്‍ അറിയിച്ചു. നാല്, അഞ്ച് ഘട്ടങ്ങളിലെ ബാക്കിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കാനായി 200 കോടി രൂപയുടെ പദ്ധതികളുമുണ്ട്. ഇവ പൂര്‍ത്തിയാകുന്നതോടെ പാര്‍പ്പിടാവശ്യങ്ങള്‍ക്കും സാമൂഹിക സൗകര്യങ്ങള്‍ക്കുമായി 45 ഏക്കറോളം വരുന്ന പ്ലോട്ടുകള്‍ കൂടുതലായി നിക്ഷേപകര്‍ക്കു ലഭ്യമാക്കുമെന്നും മനോജ് നായര്‍ പറഞ്ഞു. ടൗണ്‍ഷിപ്പ് മേഖലയില്‍ 102 കോടി രൂപ മുതല്‍മുടക്കില്‍ ജെംസ് മോഡേണ്‍ അക്കാഡമി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അക്കഡേമിക്കായ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ കായിക ഇനങ്ങള്‍ക്കുകൂടി അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ നല്‍കുന്ന ഈ പദ്ധതി ഉടന്‍ പൂര്‍ത്തിയാകും. ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ പാര്‍പ്പിട വികസന സ്ഥാപനം പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഫ്രീഹോള്‍ഡ് വ്യവസ്ഥയില്‍ 15.5 ഏക്കറില്‍ 1200 കോടി രൂപ മുടക്കി പാര്‍പ്പിട പദ്ധതി വികസിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പാര്‍പ്പിട പദ്ധതിയുടെ നിര്‍മാണം ഈ വര്‍ഷാവസാനം തുടങ്ങും. ബാക്കിയുള്ള അടിസ്ഥാന വികസന പ്രവര്‍ത്തനം 2020 അവസാനമായിരിക്കും ആരംഭിക്കുക. സ്മാര്‍ട് സിറ്റി കൊച്ചിയുടെ മാസ്റ്റര്‍ പ്ലാന്‍ പുതുക്കിയിട്ടുണ്ടെന്നും അതനുസരിച്ച് വികസന പദ്ധതികളെക്കുറിച്ചുള്ള പരിസ്ഥിതി ആഘാത പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും മനോജ് നായര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരുമായുള്ള ഫ്രെയിംവര്‍ക്ക് കരാറനുസരിച്ച് സ്മാര്‍ട് സിറ്റി കൊച്ചിയുടെ അടിസ്ഥാന നിക്ഷേപം 1700 കോടി രൂപയാണ്. വികസന പദ്ധതികള്‍ക്കായി ഇതുവരെ 2600 കോടിയുടെ നിക്ഷേപമായിട്ടുണ്ട്. അധിക ഐടി ബിസിനസ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ 2200 കോടി രൂപയുടെ നിക്ഷേപം കൂടി ആകര്‍ഷിക്കാനാകും. സ്മാര്‍ട് സിറ്റി കൊച്ചിയുടെ നിര്‍മാണത്തില്‍ ആകെ നിക്ഷേപ സാധ്യതയായി കണക്കാക്കപ്പെട്ടിരിക്കുന്നത് 9,000 കോടിയാണ്.നിക്ഷേപകരുടെ പങ്കാളിത്ത വികസന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി യൂട്ടിലിറ്റി സര്‍വീസ് ട്രെഞ്ചുകളോടെ ഏഴു കിലോമീറ്ററില്‍ നാലുവരിപ്പാത, 33 കെ വി സബ് സ്റ്റേഷനുകള്‍, ജല സംഭരണത്തിനും വിതരണത്തിനുമുള്ള അടിസ്ഥാനസൗകര്യം, ലാന്‍ഡ്‌സ്‌കേപ്പിംഗ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ജല ശുദ്ധികരണ പ്ലാന്റിന്റെ നിര്‍മാണം പുരോഗമിക്കുന്നു. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍, പ്രസ്റ്റീജ് ഗ്രൂപ്പ്, മാരാട്ട് ഗ്രൂപ്പ്, ഹോളിഡേ ഗ്രൂപ്പ്, ഷുള്‍ട് ഗ്രൂപ്പ് എന്നീ പ്രമുഖ സ്ഥാപനങ്ങളാണ് ഐടി ബിസിനസ് അടിസ്ഥാന സൗകര്യ പദ്ധതികളുടെ വികസന പങ്കാളികളായി നിലവില്‍ മുന്നോട്ടുവന്നിട്ടുള്ളതെന്നും മനോജ് നായര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍