സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി: കേരളത്തിന് 342 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്രാനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി നടപ്പുവര്‍ഷം 342 കോടി രൂപയുടെ പദ്ധതിക്ക് ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ പ്രോഗ്രാം അപ്രൂവല്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. ഇതില്‍ 219 കോടി രൂപ കേന്ദ്രവിഹിതമാണ്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍ ആണ് 342 കോടി രൂപയുടെ പ്രൊപ്പോസല്‍ കേന്ദ്രസര്‍ക്കാരിനു മുമ്പാകെ അവതരിപ്പിച്ചത്.സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി നിര്‍വഹണത്തില്‍ മികച്ച പ്രവര്‍ത്തനമാണ് കേരളത്തിന്റേതെന്ന് യോഗം വിലയിരുത്തി. 2018-19 വര്‍ഷം കേന്ദ്ര വിഹിതം കൃത്യമായി സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിലും സംസ്ഥാനം കാണിച്ച ശുഷ്‌കാന്തിയെ യോഗം അഭിനന്ദിച്ചു. കൃഷിവകുപ്പിന്റെ സഹായത്തോടെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന അടുക്കള പച്ചക്കറിത്തോട്ടം പദ്ധതി, സ്‌കൂള്‍ കുട്ടികള്‍ക്ക് മുട്ടയും പാലും നല്‍കുന്ന പദ്ധതി, ഭക്ഷണസാമ്പിളുകളുടെ പരിശോധന, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ മുഖാന്തരം പാചകത്തൊഴിലാളികള്‍ക്കു നല്‍കുന്ന പരിശീലനം എന്നിവയ്ക്ക് യോഗത്തിന്റെ പ്രത്യേക പ്രശംസ ലഭിച്ചു. ഉച്ചഭക്ഷണ പാചകച്ചെലവ്, പാചകത്തൊഴിലാളികളുടെ ഓണറേറിയം എന്നീയിനങ്ങളില്‍ കേന്ദ്രം നിര്‍ദേശിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ തുക അനുവദിക്കുന്ന സംസ്ഥാനത്തിന്റെ നടപടിയെയും യോഗം അഭിനന്ദിച്ചു.സംസ്ഥാനത്തിന്റെ അഭ്യര്‍ഥന പരിഗണിച്ച് അടുക്കള പച്ചക്കറിത്തോട്ടം സ്ഥാപിക്കുന്നതിന് ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന എല്ലാ സ്‌കൂളുകള്‍ക്കും 5000 രൂപ വീതം അനുവദിച്ചു. കൂടാതെ 1285 സ്‌കൂളുകളില്‍ പാചകപ്പുരകള്‍ നവീകരിക്കുന്നതിന് സ്‌കൂള്‍ ഒന്നിന് 10,000 രൂപ വീതവും അനുവദിച്ചു. 3031 സ്‌കൂളുകളില്‍ ഇക്കൊല്ലം പാചകപ്പുര നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനും തീരുമാനിച്ചു.ഉച്ചഭക്ഷണ പാചകത്തൊഴിലാളികളുടെ ഓണറേറിയം കാലാനുസൃതമായി പരിഷ്‌കരിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിന്‍മേല്‍ അനുകൂല തിരുമാനം ഉണ്ടായില്ല.പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജെസി ജോസഫ്, പൊതുവിദ്യാഭ്യാ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരായ കെ.ജി. ശ്രീലത, എസ്.ജി. ശ്രീകുമാര്‍, കെ. സജീകൃഷ്ണന്‍ എന്നിവരും ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍