റംസാന്‍ ആത്മീയ സംഗമം 31ന് മലപ്പുറം സ്വലാത്ത് നഗറില്‍

 മലപ്പുറം: ആയിരം മാസങ്ങളുടെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങള്‍ സംഗമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ പ്രാര്‍ത്ഥനാസംഗമം ഈ മാസം 31ന് മലപ്പുറം ജില്ലയിലെ സ്വലാത്ത് നഗറില്‍ നടക്കും. ലൈലത്തുല്‍ ഖദ്ര് പ്രതീക്ഷിക്കപ്പെടുന്ന റംസാന്‍ 27ാം രാവിലാണ് ആത്മീയ കൂട്ടായ്മ. മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ അക്കാദമിയാണ് സംഘാടകര്‍. റംസാനിലെ അവസാനത്തെ വെള്ളിയാഴ്ചയായതിനാല്‍ ഇത്തവണ വളരെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഭീകരതക്കും ലഹരിയ്ക്കുമെതിരായി മഅ്ദിന്‍ ചെയര്‍മാനും കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാര്‍ത്ഥനയും നിര്‍വ്വഹിക്കും.രാത്രി ഒമ്പതുമണിയോടെ മുഖ്യവേദിയില്‍ പ്രാര്‍ത്ഥനാസമ്മേളനത്തിന്റെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. വിശാലമായ പന്തലുകളും ഓഡിറ്റോറിയങ്ങളും സജ്ജീകരിക്കുന്നത് പുരോഗമിക്കുകയാണ്. പൊലീസ്, ഫയര്‍ ഫോഴ്‌സ്, മെഡിക്കല്‍ വിംഗുകള്‍ ഉള്‍പ്പെടെ നഗരിയിലും പരിസരങ്ങളിലുമായി നൂറിലധികം ഹെല്‍പ്പ് ലൈന്‍ കൗണ്ടറുകള്‍ സജ്ജീകരിക്കും.മഅ്ദിന്‍ വെബ് സൈറ്റ് വഴി വെബ്കാസ്റ്റിനുള്ള സംവിധാനങ്ങളുമൊരുക്കും. പ്രവാസികള്‍ക്കായി പ്രത്യേക ഗള്‍ഫ് കൗണ്ടറും വിദൂരങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അത്താഴ സൗകര്യവും പ്രത്യേകം ഒരുക്കും.പ്രാര്‍ത്ഥനാസമ്മേളനം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് പ്രത്യേക ഹെല്‍പ് ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 9633158822, 9645600072. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍