റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് 2.5 കോടി തട്ടിയ സംഘത്തിലെ യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

പുനലൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു പലരില്‍ നിന്നായി 2.5 കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ യുവതി അടക്കം മൂന്നുപേരെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂര്‍ സ്വദേശി വിദ്യ (26), തിരുവനന്തപുരം പെരിങ്ങമ്മല സ്വദേശികളായ രോഹിത് (32), രാഹുല്‍ (30) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് റെയില്‍വേ അടക്കമുളള നിരവധി സ്ഥാപനങ്ങളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞു തട്ടിപ്പ് നടത്തുന്ന വന്‍ റാക്കറ്റിലെ മുഖ്യകണ്ണിയാണ് വിദ്യയും യുവാക്കളുമെന്ന് പൊലീസ് പറഞ്ഞു. പുനലൂര്‍ കരവാളൂര്‍ സ്വദേശി മുരളീധരന്‍ പിളളയുടെ മകന് റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമന ഉത്തരവ് നല്‍കി വിദ്യ 14.5 ലക്ഷം രൂപ കൈക്കലാക്കിയിരുന്നു. ഉത്തരവുമായി ചെന്നൈയില്‍ ജോലിക്കെത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് ബോധ്യമായത്. തുടര്‍ന്നാണ് പുനലൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം കൊട്ടിയത്ത് വച്ച് പരാതിക്കാരന്‍ വിദ്യയെ കണ്ടു. വിവരം പുനലൂര്‍ പൊലീസില്‍ അറിയിച്ചു. കൊട്ടിയത്തെ ഒരു വീട്ടില്‍ നിന്നും വിദ്യയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് തട്ടിപ്പിലെ കണ്ണികളായ രോഹിതിനെ തിരുവനന്തപുരത്തുനിന്നും രാഹുലിനെ കൊല്ലത്തുനിന്നും അറസ്റ്റ്‌ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍