കൊച്ചിയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം കാര്‍ ആക്രമിച്ച് 25കിലോ സ്വര്‍ണം കവര്‍ന്നു

കൊച്ചി: കൊച്ചിയില്‍ അര്‍ദ്ധരാത്രി കാര്‍ ആക്രമിച്ച് സ്വര്‍ണം 25കിലോ കവര്‍ന്നു. എറണാകുളത്ത് നിന്നും ആലുവ ഇടയാറിലെ സ്വര്‍ണ ശുദ്ധീകരണ കമ്പനിയിലേക്ക് കൊണ്ട് പോയ ആറ് കോടി രൂപയുടെ സ്വര്‍ണമാണ് കവര്‍ന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം.എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ഇടയാറിലെ സി.ആര്‍.ജി മെറ്റല്‍സ് എന്ന കമ്പനിയിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ട് പോയ 25കിലോ സ്വര്‍ണമാണ് കവര്‍ന്നത്. സ്വര്‍ണം കൊണ്ടു പോയ കാറിനെ പിന്തുടര്‍ന്നെത്തിയ രണ്ടംഗ സംഘം സി.ആര്‍.ജി മെറ്റല്‍സ് കമ്പനിയുടെ മുന്നിലെത്തിയപ്പോള്‍ കാറിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് ആക്രമികള്‍ സ്വര്‍ണവുമായി കടന്നു കളയുകയായിരുന്നു. കാറിന്റെ ഡ്രൈവര്‍ക്കും ഒപ്പമുണ്ടായിരുന്ന ആളിനും ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്വര്‍ണം കൊണ്ടു വരുന്നതിനെ കുറിച്ച് വ്യക്തമായി അറിയാവുന്നവരാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. ജീവനക്കാരുടെ അറിവില്ലാതെ കവര്‍ച്ച നടക്കില്ലെന്നാണ് പൊലീസ് സംശയിക്കുന്നത്. സി.ആര്‍.ജി മെറ്റല്‍സിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഫോറന്‍സിക് വിദഗ്ദര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍