പ്രളയദുരിതാശ്വാസം: കോഴിക്കോട് താലൂക്കില്‍ 21,750 പേര്‍ക്ക് പതിനായിരം രൂപ വീതം നല്‍കി

കോഴിക്കോട്: പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് അടിയന്തരധനസഹായമായ പതിനായിരം രൂപയുടെ വിതരണം കോഴിക്കോട് താലൂക്കില്‍ പൂര്‍ത്തിയായി. സാങ്കേതിക പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് താലൂക്കിലെ 21,750 പേര്‍ക്ക് സഹായധനം അനുവദിച്ചതായി അധികൃതര്‍ അറിയിച്ചു. ആദ്യഗഡുവായി 3800, രണ്ടാംഘട്ടത്തില്‍ 6,200 എന്നിങ്ങനെയാണ് സഹായം വിതരണം ചെയ്തത്. അക്കൗണ്ട് വഴിയാണ് പണം അനുവദിച്ചത്. ആദ്യഘട്ടം പണം ലഭിച്ചവര്‍ക്ക് ബാക്കിതുക ഉടന്‍ തന്നെ ലഭിക്കും. ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ 6200, രണ്ടാംഘട്ടത്തില്‍ 3800 എന്നിങ്ങനെയും ലഭിച്ചിട്ടുണ്ട്. പ്രളയവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ചതായും ഇതുമായി ബന്ധപ്പെട്ട് പരാതികളൊന്നും നിലവിലില്ലെന്നും അധികൃതര്‍ പറഞ്ഞു. രണ്ടുദിവസം വീടിനുളളില്‍ വെള്ളം കെട്ടി നില്‍ക്കുകയോ മണ്ണിടിച്ചില്‍ കാരണം വീട് വാസയോഗ്യമല്ലാതാകുകയോ ചെയ്ത കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ അനുവദിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ കണക്കെടുപ്പിലെ പാളിച്ചമൂലം സഹായധനവിതരണം നീണ്ടുപോയി. വില്ലേജ് ഓഫീസുകളില്‍ അക്കൗണ്ട് നമ്പര്‍ തെറ്റായി രജിസ്റ്റര്‍ ചെയ്തതും പ്രതിസന്ധിക്കിടയാക്കി. ഇതിനെ തുടര്‍ന്ന് അര്‍ഹരായ പലര്‍ക്കും ആദ്യഘട്ടത്തില്‍ പണം ലഭിച്ചില്ല. തുടര്‍ന്ന് ഇവരില്‍ പലരും താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് അര്‍ഹരായവര്‍ക്ക് രണ്ടുഘട്ടങ്ങളിലായി പണം നല്‍കിയത്. ആദ്യ ഗഡു ലഭിച്ചവരില്‍ ചുരുക്കം ചിലര്‍ക്കുമാത്രമാണ് മുഴുവന്‍ തുകയും ലഭിക്കാത്തത്. ഇത് വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥര്‍ തെറ്റായി വിവരങ്ങള്‍ ശേഖരിക്കുകയും സൂക്ഷ്മ പരിശോധന നടത്താതെ താലൂക്ക് ഓഫീസിലേക്ക് അയക്കുകയും ചെയ്തതുമൂലമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പിന്നീട് രണ്ടാംഘട്ടം പരിശോധന നടത്തിയാണ് ശരിയായ വിവരങ്ങള്‍ ലഭ്യമാക്കിയത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍