ബാലകോട്ടില്‍ കൊല്ലപ്പെട്ടത് 170 ഓളം ഭീകരര്‍ തെളിവുകളുമായി ഇറ്റാലിയന്‍ മാദ്ധ്യമപ്രവര്‍ത്തക

ന്യൂഡല്‍ഹി: ഇന്ത്യ ബാലകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 170 ഓളം ജയ്‌ഷെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് ഇറ്റലിയന്‍ മാദ്ധ്യമപ്രവര്‍ത്തക. ഇക്കഴിഞ്ഞ ഫെബ്രുവരി 26 ന് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടില്ലെന്നായിരുന്നു പാകിസ്ഥാന്റെ വിശദീകരണം. മാദ്ധ്യമപ്രവര്‍ത്തക ഫ്രാന്‍സിസോ മറിനോയാണ് പാകിസ്ഥാന്റെ വാദങ്ങള്‍ പൊളിച്ചുകൊണ്ട് രംഗത്തെത്തിയത്. ബാലകോട്ടിനടുത്ത് ഷിങ്കിയാരി ബേസ് ക്യാംപില്‍ നിന്ന് പാക് സൈനിക സംഘം ഫെബ്രുവരി 26 ന് പുലര്‍ച്ചെ ആറ് മണിക്ക് ആക്രമണം നടന്ന സ്ഥലത്ത് എത്തിയെന്നും അവര്‍ പറയുന്നു. ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തി രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു ഇത്. ആക്രമണത്തില്‍ പരിക്കേറ്റവരെ ഇവിടെ നിന്ന് ഷിങ്കിയാരിയിലെ ഹര്‍കര്‍ഉല്‍മുജാഹിദ്ദീന്‍ ക്യാംപിലേക്ക് മാറ്റിയെന്നും ഇവിടെ വച്ച് സൈനിക ഡോക്ടര്‍മാര്‍ ഭീകരരെ പരിചരിച്ചുവെന്നും അവര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ 20 പേര്‍ ചികിത്സയ്ക്കിടെ മരണപ്പെട്ടു. ശേഷിച്ച 45 ഓളം പേര്‍ സൈനിക ക്യാംപില്‍ ഇപ്പോഴും ചികിത്സയിലാണെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരിച്ച ഭീകരരുടെ വീടുകളില്‍ ജയ്‌ഷെ മുഹമ്മദിന്റെ സംഘം എത്തിയെന്നും ഇവര്‍ കുടുംബങ്ങള്‍ക്ക് പണം നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ആക്രമണം വിജയമായിരുന്നുവെന്ന വിവരം പുറത്തുവിടാതിരിക്കാനായിരുന്നു ഇത്. ബാലകോട്ടെ വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഫ്രാന്‍സിസോ പറഞ്ഞു. എന്നാല്‍ ആക്രമണത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകരെ ആക്രണം നടന്ന ക്യാമ്പിന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഒരു വെള്ള പൂശിയ മദ്രസയാണ് സൈന്യം കാണിച്ചുകൊടുത്തത്. ആക്രമണത്തിന് ശേഷം അവിടുത്തെ ജനങ്ങള്‍ക്ക് ക്യാമ്പിന് പരിസരത്തേക്ക് പോകാന്‍ അനുവാദം നല്‍കിയിരുന്നില്ലെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഫെബ്രുവരി 14ന് ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ പുല്‍വാമയില്‍ നടത്തിയ ചാവേറാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ ബാലാകോട്ട് വ്യോമാക്രമണം. അതേസമയം, ജെയ്‌ഷെ തലവന്‍ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ഫ്രാന്‍സിസോയുടെ റിപ്പോര്‍ട്ട് സ്ട്രിംഗര്‍ഏഷ്യ എന്ന മാദ്ധ്യമത്തില്‍ വന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍