കേരളം സഹിഷ്ണുതയുടെ നാട്: രാഹുല്‍ഗാന്ധി

പത്തനാപുരത്ത് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍
പത്തനാപുരം: വയനാടിനെ മുന്‍നിര്‍ത്തി അമിത് ഷാ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. അമിത് ഷാ പറഞ്ഞ പോലെയല്ല കേരളമെന്നും ഇത് സഹിഷ്ണുതയുള്ള നാടാണെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
വയനാട്ടിലെ തന്റെ സ്ഥാനാര്‍ഥിത്വം രാജ്യത്തിനുള്ള സന്ദേശമാണ്. ഇന്ത്യ ഒന്നാണെന്ന സന്ദേശമാണ് ഇതിലൂടെ താന്‍ നല്‍കുന്നത്. ആര്‍എസ്എസില്‍ നിന്നും രാജ്യം വലിയ ആക്രമണം നേരിടുകയാണ്.
ദാരിദ്ര്യത്തിനെതിരെയുള്ള മിന്നലാക്രമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ രാജ്യത്തെ ഖജനാവിന്റെ താക്കോല്‍ യുവാക്കളെ ഏല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയും ആര്‍എസ്എസും അവരുടെതല്ലാത്ത എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ ആര്‍എസ്എസ്, സംഘപരിവാര്‍ നയങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നത് അക്രമത്തിലൂടെ അല്ലെന്നും ഓരോ ഇന്ത്യക്കാരന്റെയും ശബ്ദവും ആശയവുമാണ് രാജ്യത്തെ നയിക്കേണ്ടതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളായ കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ.പ്രേമചന്ദ്രന്‍ തുടങ്ങി നിരവധി നേതാക്കള്‍ രാഹുലിന്റെ യോഗത്തില്‍ പങ്കെടുത്തു. കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കൊപ്പം നിന്ന് വോട്ട് അഭ്യര്‍ഥനയും നടത്തിയാണ് രാഹുല്‍ മട
ങ്ങിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍