'ലൂസിഫര്‍' തമിഴിലേക്ക്, സ്റ്റീഫന്‍ നെടുമ്പള്ളിയായി അജിത്ത്

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ തമിഴില്‍ പോകാന്‍ ഒരുങ്ങുന്നു. തല അജിത്താകും ചിത്രത്തില്‍ നായകനായി എത്തുക. ഇതു സംബന്ധിച്ചുള്ള ആദ്യ വിവരം അജിത്ത് തന്നെയാണ് പുറത്തുവിട്ടത്. ചിത്രം താന്‍ കണ്ടിട്ടില്ല, എങ്കിലും മോഹന്‍ലാല്‍ സര്‍ നന്നായി അവതരിപ്പിച്ചുവെന്ന് അറിഞ്ഞു. അതുപോലെ എസ്റ്റാബ്ലിഷ്ഡായിട്ടുള്ള ഒരു കഥാപാത്രം ഞാന്‍ പെട്ടെന്ന് ചെയ്താല്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുമോയെന്ന് അറിയില്ല. എല്ലാം ശരിയായി വന്നാല്‍ രണ്ടു വര്‍ഷത്തിനു ശേഷം തിരക്കഥയിലും, കഥയിലും കാര്യമായ മാറ്റങ്ങള്‍ വരുത്തി സിനിമ ഒരുക്കാന്‍ ശ്രമിക്കും എന്നാണ് അജിത്ത് വ്യക്തമാക്കിയത്. ചിത്രം തമിഴില്‍ ഒരുക്കുമ്പോള്‍ അജിത്ത് തന്നെ നായകനാകണമെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വലിയ ക്യാമ്പെയിനിംഗ് ആണ് നടക്കുന്നത്. നയന്‍താര നായികയായ വിശ്വാസമാണ് അജിത്തിന്റേതായി ഒടുവില്‍ റിലീസായ ചിത്രം. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കിയ മധുരരാജയ്ക്ക് മൂന്നാം ഭാഗം വരുന്നുവെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഈ ടീം ഒന്നിച്ച പോക്കിരിരാജയുടെ രണ്ടാം ഭാഗമായിരുന്നു മധുരരാജ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍