നാമനിര്‍ദേശ പത്രികകള്‍ തള്ളല്‍: സരിതയുടെ ഹര്‍ജികളും തള്ളി

കൊച്ചി :വയനാട്, എറണാകുളം ലോക്‌സഭാ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ നല്‍കിയ നാമ നിര്‍ദേശ പത്രികകള്‍ വരണാധികാരികള്‍ തള്ളിയതിനെതിരെ സോളാര്‍ കേസില്‍ പ്രതിയായ സരിത. എസ്. നായര്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പു നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ ഇടപെടാനാവില്ലെന്നും ഹര്‍ജിക്കാരിക്ക് പിന്നീട് തിരഞ്ഞെടുപ്പ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാമെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ വിചാരണക്കോടതികള്‍ സരിതക്ക് ശിക്ഷ വിധിച്ചിരുന്നു. പെരുമ്പാവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി മൂന്നു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും പത്തനംതിട്ട ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി മൂന്നു വര്‍ഷം തടവും 45 ലക്ഷം രൂപ പിഴയുമാണ് ശിക്ഷിച്ചത്. ശിക്ഷ വിധിച്ച സാഹചര്യത്തില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം ഹര്‍ജിക്കാരിക്ക് മത്സരിക്കാന്‍ അയോഗ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ വിവിധ സുപ്രീം കോടതി വിധികള്‍ ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നല്‍കി. സൂക്ഷ്മപരിശോധനകള്‍ പൂര്‍ത്തിയാക്കി ബാലറ്റ് തയ്യാറാക്കുന്ന ജോലികള്‍ തുടങ്ങിയെന്നും ഈ സാഹചര്യത്തില്‍ കോടതി ഇടപെടുന്നത് തിരഞ്ഞെടുപ്പു പ്രക്രിയ വൈകിപ്പിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍