മയക്കുമരുന്നു കേസ്: വെനസ്വേലന്‍ രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവി അറസ്റ്റില്‍

 മാഡ്രിഡ്: വെനസ്വേലന്‍ സൈനിക രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവി ഹുഗോ കര്‍ജാവാളെ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്നുകടത്തു കേസില്‍ ഇയാള്‍ക്കെതിരെ യുഎസ് നീതിന്യായ വിഭാഗം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുന്‍ വെനസ്വേലന്‍ പ്രസിഡന്റ് ഹുഗോ ഷാവേസിന്റെ അടുത്ത അനുയായിയായിരുന്നു ഹുഗോ കര്‍ജാവാള്‍. 2008ല്‍ കര്‍ജാവാളിനെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. കൊളംബിയയിലെ ഫാര്‍ക്ക് വിമതരെയും സാഹായിച്ചെന്നും യുഎസ് വഴിയുള്ള മയക്കുമരുന്ന് കയറ്റുമതി സംരക്ഷിച്ചെന്നുമായിരുന്നു കുറ്റം. 2006ല്‍ വെനസ്വേലയില്‍ നിന്ന് മെക്‌സിക്കോയിലേക്ക് 5,600കിലോ കൊക്കേയ്ന്‍ കടത്താന്‍ മുന്‍ മേധാവി മുന്‍കൈ എടുത്തെന്നാണ് ആരോപണം. ഡച്ച് കരീബിയന്‍ ദ്വീപ് അരൂബയില്‍ വച്ച് കര്‍ജാവാള്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ കൈമാറാനുള്ള യുഎസ് ആവശ്യം നിരസിക്കപ്പെട്ടതോടെ മോചിപ്പിക്കുകയായിരുന്നു. ശനിയാഴ്ച്ച സ്പാനിഷ് ഹൈക്കോടതിയില്‍ കര്‍ജാവാളിനെ ഹാജരാക്കും. കര്‍ജാവാളെ കൈമാറണമെന്ന യുഎസ് അപേക്ഷ കോടതി പരിഗണിക്കും. കഴിഞ്ഞ ഫെബ്രുവരിയില്‍ നിലവിലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരെ കര്‍ജാവാള്‍ രംഗത്തെത്തിയിരുന്നു. ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച ഹുവാന്‍ ഗ്വായിഡോയ്ക്കാണ് കര്‍ജാവാള്‍ പിന്തുണ അറിയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍