കൂടുതല്‍ കേസുകള്‍;കെ.സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദ്ദേശ പത്രിക നല്‍കും

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് പുതിയ കുരുക്ക്. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 243 കേസുകളില്‍ പ്രതിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചതോടെയാണ് സുരേന്ദ്രന്റെ നാമനിര്‍ദ്ദേശ പത്രിക സംബന്ധിച്ച അനിശ്ചിതത്വമുണ്ടായത്. നേരത്തെ സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുഴുവന്‍ കേസുകളെപ്പറ്റിയും വ്യക്തമാക്കിയിരുന്നില്ല. ഈ സത്യവാങ്മൂലത്തിനെതിരെ സൂക്ഷ്മപരിശോധന സമയത്ത് ആരെങ്കിലും ആക്ഷേപം ഉന്നയിച്ചാല്‍ പത്രിക തള്ളിപ്പോകാന്‍ തന്നെ അത് ഇടയാക്കുമെന്നാണ് വിവരം. ഇങ്ങനെയൊരു അപകടം നേരിടാന്‍ പുതിയ പത്രിക നല്‍കാന്‍ ഒരുങ്ങുകയാണ് ബി.ജെ.പി നേതൃത്വം. പുതിയ കേസുകളുടെ വിവരങ്ങള്‍ അടങ്ങിയ പത്രികയാകും സമര്‍പ്പിക്കുക.
കഴിഞ്ഞ മാസം മുപ്പതിനാണ് നിരവധി പ്രവര്‍ത്തകരുടെ അക്മ്പടിയോടെയെത്തി സുരേന്ദ്രന്‍ പത്രിക നല്‍കിയത്. സമന്‍സായും വാറണ്ടായും തനിക്ക് അറിയിപ്പ് ലഭിച്ച 20 കേസുകളെപ്പറ്റിയാണ് ഇതില്‍ സുരേന്ദ്രന്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ 29ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സുരേന്ദ്രനെതിരെ 243 കേസുകള്‍ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സുരേന്ദ്രന്റെ പത്രിക തള്ളാനുള്ള സാധ്യതയുണ്ടെന്നാണ് നിയമ വൃത്തങ്ങള്‍ സൂചന. എന്നാല്‍ ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് ബി.ജെ.പിയുടെ നീക്കം. കേസുകളെ സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും അടങ്ങിയ പുതിയ സത്യവാങ്മൂലം നാളെത്തന്നെ സമര്‍പ്പിക്കുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നാമനിര്‍ദ്ദേശപത്രികയില്‍ കൂട്ടിച്ചേര്‍ക്കാനും കഴിയും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍