മുപ്പതോളം ബൂത്തുകളില്‍ അതീവസുരക്ഷ

ഇരിട്ടി: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇരിട്ടി പോലീസ് സബ് ഡിവിഷണല്‍ പരിധിയിലെ മുപ്പതോളം ബൂത്തുകളെ അതീവ സുരക്ഷാബൂത്തുകളായി പരിഗണിച്ച് സുരക്ഷയൊരുക്കാന്‍ പോലീസ് തീരുമാനം. വയനാട്ടില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തിലും കഴിഞ്ഞ ദിവസം ആന്ധ്രയിലുണ്ടായ ആക്രമവും കണക്കിലെടുത്താണ് മാവോയിസ്റ്റ് സംഘങ്ങളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത മേഖലകളിലുള്‍പ്പെടെ അതീവ സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷ ഏര്‍പ്പെടുത്തുന്നത്. പേരാവൂര്‍ മേഖലയിലെ പേരാവൂര്‍, കേളകം എന്നീ ബുത്തുകളും കണ്ണവം പോലീസ് സ്റ്റേഷന്‍ പരിധിയിലും ആറളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആറളം ഫാം, ഗവ. എച്ച്എസ്, പരിപ്പ്‌തോട് എല്‍പി സ്‌കൂള്‍ എന്നിവടങ്ങളിലും കരിക്കോട്ടക്കരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കരിക്കോട്ടക്കരി, ചരള്‍, വാണിയപ്പാറ, അങ്ങാടിക്കടവ്, കച്ചേരിക്കടവ്, പാലത്തുംകടവ് ബുത്തുകളും ഉള്‍പ്പെടെ മുപ്പതോളം ബൂത്തുകളിലാണ് മാവോയിസ്റ്റ് സുരക്ഷാ മുന്‍കരുതല്‍ ബൂത്തുകളായി പ്രഖ്യാപിച്ച് അതിസുരക്ഷയൊരുക്കുന്നത്.
ഈ ബൂത്തുകളില്‍ സായുധ പോലീസുകാര്‍ക്കൊപ്പം തണ്ടര്‍ബോള്‍ട്ട്, അര്‍ധസൈനിക വിഭാഗം എന്നിവരും സുരക്ഷയൊരുക്കും. പോളിംഗ് ബൂത്തിലും ബൂത്തിന് സമീപവും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. പോളിംഗ് ബൂത്തിന്റെ 500 മീറ്റര്‍ ചുറ്റളവ് സുരക്ഷാ സേനയുടെ നിരീക്ഷണത്തിലായിരിക്കും. വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്തത് പോകാനുള്ള സുരക്ഷയും സൗകര്യവുമൊരുക്കും. ഇന്നുമുതല്‍ ഈ മേഖലകളില്‍ രാത്രി കാല വാഹനപരിശോധനകള്‍ ശക്തമാക്കും.മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആറളം ഫാം ആദിവാസി പുനരധിവാസ മേഖലകളിലും വനമേഖലയോട് ചേര്‍ന്ന ആദിവാസി മേഖലകളും പോലീസ് നിരീക്ഷിക്കും.ബുത്തുകളില്‍ പോലീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ്പരിശോധന നടത്തും. മാവോയിസ്റ്റ് സുരക്ഷയൊരുക്കുന്ന ബൂത്തുകള്‍ക്കു പുറമെ പ്രശ്‌നബാധിത ബൂത്തുകള്‍, അതീവ പ്രശ്‌നബാധിത ബൂത്തുകള്‍ എന്നിങ്ങനെ തരംതിരിച്ച് പോളിംഗ് സ്റ്റേഷനുകളില്‍ പ്രത്യേക സുരക്ഷയൊരുക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.രാഷ്ട്രീയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്ത മേഖലകളിലും സുരക്ഷയൊരുക്കുന്നുണ്ട്. ഇരിട്ടി കീഴൂര്‍ വാഴുന്ന വേഴ്‌സ് യുപി സ്‌കൂള്‍, വിളമന എല്‍പി സ്‌കൂള്‍, കുന്നോത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പെരിങ്കരി ജിഎച്ച്എസ്, വട്ടിയറ ഡോണ്‍ ബോസ്‌കോ എല്‍പി സ്‌കൂള്‍, പാല ഗവ. എച്ച്എസ്എസ്, മീത്തലെ പുന്നാട് യുപി സ്‌കൂള്‍, പെരുമ്പറമ്പ് യുപി സ്‌കൂള്‍ തുടങ്ങി 39 ഓളം പോളിംഗ് സ്റ്റേഷനുകളാണ് പ്രശ്‌നബാധിത ബൂത്തുകളില്‍ ഉള്‍പ്പെടുത്തിയിരിത്തുന്നത്. ഇതില്‍ പത്തെണ്ണം അതീവ പ്രശ്‌നബാധിത ബൂത്തുകളാണ്. ഇവിടങ്ങളില്‍ സായുധരായ സൈനീകവിഭാഗത്തിന്റെ സുരക്ഷയുണ്ടാകും.







ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍