അഞ്ചുകോടി രൂപയുടെ പോപ്പി കായയുമായി രണ്ടു തമിഴ്‌നാട്ടുകാര്‍ അറസ്റ്റില്‍

പാലക്കാട്: അന്താരാഷ്ട്ര വിപണിയില്‍ അഞ്ചു കോടിയിലധികം രൂപ വിലമതിക്കുന്ന രണ്ടേ മുക്കാല്‍ കിലോ ലഹരി കായയുമായി രണ്ടു തമിഴ്‌നാട് സ്വദേശികളെ പാലക്കാട് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ടൗണ്‍ സൗത്ത് പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. സേലം പെത്തനായ്ക്കന്‍ പാളയം സ്വദേശികളായ അരുള്‍മണി (30), അരുള്‍ മോഹനന്‍ (27) എന്നിവരാണു പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തുവച്ച് അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന നമ്പറില്ലാത്ത ബൈക്കും സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന പോപ്പിക്കായകളും പോലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തില്‍ ആദ്യമായാണ് ഇത്രയും അളവില്‍ ലഹരിവസ്തുവായ കറുപ്പ് നിര്‍മിക്കുന്നതിനുള്ള കായ പിടിക്കപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലാണ് ഇതു മുഖ്യമായും കൃഷി ചെയ്യുന്നത്. ഇതുപയോഗിച്ച് ബ്രൗണ്‍ ഷുഗര്‍, ഹെറോയിന്‍, കറുപ്പ് ഉള്‍പ്പെടെ 26ല്‍ പരം വീര്യം കൂടിയ ലഹരിമരുന്നുകള്‍ നിര്‍മിച്ചുവരുന്നു. കാന്‍സര്‍ രോഗികള്‍ക്കു നല്‍കുന്ന ചില വേദനസംഹാരികളും നിര്‍മിക്കുന്നുണ്ട്. ഇന്ത്യയില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തോട്ടങ്ങളിലാണു മരുന്ന് ആവശ്യത്തിന് ഇവ കൃഷി ചെയ്യുന്നത്. കേരളത്തിലെ നിശാ ക്ലബുകള്‍, ഡിജെ പാര്‍ട്ടികള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന ലഹരിമരുന്നുകള്‍ നിര്‍മിക്കുന്നതിനാണു പോപ്പി ( പോപ്പിസ്‌ട്രോ ) കേരളത്തിലെത്തിക്കുന്നതെന്നു പോലീസ് പറഞ്ഞു. കൊച്ചി, ആലപ്പുഴ, കുമരകം, കോവളം എന്നിവിടങ്ങളിലെ ബീച്ച് റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണു ലഹരിമാഫിയ കച്ചവടം നടത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക പരിശോധനയിലാണു പ്രതികള്‍ വലയിലായത്. അഫ്ഗാനിസ്ഥാനിലെ കാബൂളില്‍നിന്ന് രാജസ്ഥാന്‍വഴിയാണ് ഇന്ത്യയില്‍ അനധികൃതമായി ഇവ എത്തുന്നത്. ലഹരികളുടെ രാജാവ് എന്നാണ് ഈ ചെടി അറിയപ്പെടുന്നത്. പാലക്കാട് ജില്ലാ പോലീസ് മേധാവി സാബുവിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ബാബു കെ.തോമസ്, പാലക്കാട് ഡിവൈഎസ്പി ജി.ഡി. വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ. മനോജ് കുമാര്‍, എസ്‌ഐ കെ. സതീഷ് കുമാര്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ എസ്. ജലീല്‍, ആര്‍. കിഷോര്‍, റഹീം മുത്തു, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, ആര്‍. രാജീദ്,എസ്.എന്‍. ഷനോസ്, സി. സജീഷ്, എസ്. ഷമീര്‍ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി തുടരന്വേഷണത്തിനു കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍