തെരഞ്ഞെടുപ്പ് പത്രികയില്‍ പ്രകൃതി സരംക്ഷണത്തെ അവഗണിക്കുന്നു: മുകുന്ദന്‍

 തിരുവനന്തപുരം: കുന്നുകളും കാടുകളും പുഴകളും രാഷ്ട്രീയത്തിന്റെ ഭാഗമാണെങ്കിലും തിരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ അവയ്ക്ക് സ്ഥാനമുണ്ടാകാറില്ലെന്ന് പ്രശസ്ത എഴുത്തുകാരന്‍ എം.മുകുന്ദന്‍ പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കണമെന്ന് ആരും പറയുന്നില്ല. അതിനെ പുറത്തുനിര്‍ത്തിക്കൊണ്ടുള്ള രാഷ്ട്രീയമാണ് നമ്മുടേത്. സി.വി കുഞ്ഞുരാമന്‍ ഫൗണ്ടേഷന്റെ സി.വി കുഞ്ഞുരാമന്‍ പുരസ്‌ക്കാരം സുഗതകുമാരിക്ക് നന്താവനത്തെ വസതിയില്‍ സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. പുഴയുടേയും കാട്ടുകിളികളുടെയും കരച്ചില്‍ ആരും കേട്ടില്ല. അവയില്ലാതെ നമുക്കെന്ത് ജീവിതം. സുഗതകുമാരി അവയാണ് കവിതയില്‍ ആവിഷ്‌ക്കരിച്ചത്. തന്റെ നിത്യജീവിതത്തിലെ പശ്ചാത്തലസംഗീതമാണ് സുഗതകുമാരിയുടെ കവിതകളെന്നും മുകുന്ദന്‍ പറഞ്ഞു. കുടിവെള്ളവും പ്രാണവായുവും അന്നവും ഇല്ലാതാകുന്നിടത്ത് എന്ത് നവോത്ഥാനവും വികസനവുമാണ് ഉണ്ടാകുന്നതെന്ന് മറുപടിപ്രസംഗത്തില്‍ സുഗതകുമാരി ചോദിച്ചു. ഇത്രയും കാലം പണിയെടുക്കാന്‍ കഴിഞ്ഞു. പ്രകൃതിയെ കൊല്ലരുതെന്നും വ്രണം വന്ന കാലില്‍ ചങ്ങലയിട്ട് ആനയെ പണിയെടുപ്പിക്കരുതെന്നും പറയാന്‍ കഴിഞ്ഞു. ഒന്നും എങ്ങുമെത്തിയില്ല. എല്ലാം ഒന്നെന്ന സനാതനധര്‍മമാണ് അടിസ്ഥാനതത്വം. ഇന്ത്യ ലോകത്തിന് നല്‍കിയ പുരാതനമായ ഈ വിശ്വാസം ശ്രീനാരായണഗുരു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബി.ജെ.പിയാണോ, കോണ്‍ഗ്രസാണോ, മറ്റ് പാര്‍ട്ടികളാണോ എന്നതല്ല പ്രധാനം. ജാതിയും മതവും മൂര്‍ദ്ധന്യത്തിലെത്തുകയാണ്. ഇങ്ങനെയല്ല വേണ്ടതെന്ന് നിരാശ തോന്നുന്നു. ദീര്‍ഘായുസിനെ ഭയമാണ്. മതിയെന്ന് മനസു പറയുന്നു. സുഗതകുമാരി വികാരഭരിതയായി പറഞ്ഞു. ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഹാഷിം രാജന്‍, ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍, സരിതാ വര്‍മ തുടങ്ങിയവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍