പാലക്കാട് ജില്ലയിലേക്ക് വന്‍തോതില്‍ ഹാഷിഷ് ഓയിലും എംഡിഎംഎ ഗുളികയും എത്തുന്നതായി വിവരം

ഒറ്റപ്പാലം: അതിര്‍ത്തികടന്ന് ജില്ലയിലേക്ക് വന്‍തോതില്‍ ഹാഷിഷ് ഓയിലും എംഡിഎംഎ ഗുളികകളും എത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. ഇതോടുകൂടി പോലീസും എക്‌സൈസും കര്‍ശന പരിശോധന തുടങ്ങി. ജില്ലയെ ലഹരിയുടെ പിടിയില്‍ അമര്‍ത്താന്‍ കഞ്ചാവിനും മദ്യത്തിനും പുറമേയാണ് മാരകമായ ലഹരി സ്റ്റാമ്പുകള്‍ അടക്കമുള്ള മയക്കുമരുന്നുകള്‍ ജില്ലയിലേക്ക് എത്തുന്നത്. പോലീസ് രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍നിന്നാണ് ഇത്തരം മയക്കുമരുന്നുകള്‍ എത്തുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പാലക്കാട് വഴി മലപ്പുറം, തൃശൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളിലേക്കും ഇവ കടത്തിക്കൊണ്ട് പോകുന്നുണ്ടെന്നാണ് ലഭിച്ചിട്ടുള്ള വിവരം. സമ്പന്നര്‍ക്കിടയില്‍ പ്രചാരത്തിലുള്ള എംഡിഎംഎ പാര്‍ട്ടി ഡ്രഗ് എന്ന നിലയിലും കുപ്രസിദ്ധമാണ്. സാധാരണയായി പലനിറങ്ങളിലുമുള്ള ഗുളിക രൂപത്തിലാണ് ഇവ തമിഴ്‌നാട്ടില്‍നിന്നും അതിര്‍ത്തി കടന്നെത്തുന്നത്. ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎ ദിവസങ്ങള്‍ക്കുമുമ്പ് പാലക്കാട് എക്‌സൈസ് സംഘം പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്‍തോതില്‍ ഈ മാരകമായ മയക്കുമരുന്ന് കേരളത്തിലേക്ക് ഒഴുകിയെത്തുന്നുണ്ടെന്നു സ്ഥിരീകരിച്ചത്. ലഹരി സ്റ്റാമ്പും എംഡിഎംഎയും ചെറിയ അളവില്‍ കഴിച്ചാല്‍ പോലും മൂന്നുദിവസംവരെ ലഹരി നിലനില്ക്കും. ആദ്യഘട്ടങ്ങളില്‍ ലഹരി ഉപയോഗിക്കുന്നയാള്‍ ഉന്മേഷവാന്മാരായി കാണപ്പെടുമെങ്കിലും തുടര്‍ച്ചയായുള്ള ഇതിന്റെ ഉപയോഗംമൂലം വിഷാദരോഗം, ഓര്‍മക്കുറവ്, ഉറക്കമില്ലായ്മ, കാഴ്ചശക്തി നഷ്ടമാകല്‍, തളര്‍ച്ച, ഹൃദ്രോഗം എന്നിവയ്ക്ക് അടിമപ്പെടും. പിടിക്കപ്പെടുന്ന വസ്തുക്കളുടെ അളവനുസരിച്ചാണ് ഇതിന്റെ ശിക്ഷാവിധി നടപ്പാക്കപ്പെടുന്നത്. എന്നാല്‍ വളരെ അപൂര്‍വമായി മാത്രമേ മയക്കുമരുന്ന് കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നുള്ളു. അതിര്‍ത്തികടന്ന് മുന്‍കാലങ്ങളില്‍ വന്‍തോതില്‍ കഞ്ചാവ് പാലക്കാടുവഴി കടത്തികൊണ്ടു വന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍