ദീര്‍ഘദൂര ട്രെയിനുകള്‍ വഴി തിരിച്ചുവിടുന്ന തീരുമാനം തത്കാലം നടപ്പാക്കില്ലെന്ന് സൂചന

ഷൊര്‍ണൂര്‍: അഞ്ചു ദീര്‍ഘദൂര തീവണ്ടികള്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്താതെ വഴിതിരിച്ചുവിടാനുള്ള തീരുമാനം റെയില്‍വേ തത്കാലം നടപ്പാക്കില്ലെന്ന് സൂചന. കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍ എന്ന ബഹുമതി സ്വന്തമായുള്ള ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനെ പിറകോട്ട് അടിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇല്ലാത്ത ന്യായീകരണങ്ങള്‍ നിരത്തി അഞ്ചുദീര്‍ഘദൂര തീവണ്ടികള്‍ ഷൊര്‍ണൂര്‍ സ്റ്റേഷനെ ഒഴിവാക്കി സമയക്രമം പുനഃക്രമീകരിക്കാന്‍ റെയില്‍വേ തീരുമാനിച്ചതെന്നു വ്യാപകമായി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഈമാസം മുതല്‍ തീവണ്ടികളെ വഴിതിരിച്ചുവിടാനുള്ള തീരുമാനത്തില്‍നിന്ന് തത്കാലം റെയില്‍വേ പുനര്‍ വിചിന്തനം നടത്താന്‍ തീരുമാനിച്ചതെന്നാണ് സൂചന.
ഇതോടുകൂടി മാസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതാവസ്ഥയ്ക്ക് തത്ക്കാലത്തേക്കെങ്കിലും പരിഹാരമായി. ആലപ്പുഴധന്‍ബാദ്, ഗോരക്പൂര്‍ തിരുവനന്തപുരം രപ്തി സാഗര്‍ എക്‌സ്പ്രസ്, ബറൗണി എറണാകുളം ഇന്‍ഡോര്‍, തിരുവനന്തപുരംഅഹല്യനഗരി, കോര്‍ബ തിരുവനന്തപുരം എന്നീ ദീര്‍ഘദൂര തീവണ്ടികളാണ് ഏപ്രില്‍ മുതല്‍ ഷൊര്‍ണൂര്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ സ്പര്‍ശിക്കാതെ വഴിതിരിച്ചുവിടാന്‍ റെയില്‍വേ തീരുമാനിച്ചത്. സമയനഷ്ടം ഒഴിവാക്കാനെന്ന പേരിലാണ് ഇതിന് തീരുമാനം ഉണ്ടായതെന്നാണ് സൂചന. തീവണ്ടികളെ വഴിതിരിച്ചുവിടാന്‍ റെയില്‍വേ തീരുമാനിച്ചതോടെ മലബാര്‍ മേഖലയിലുള്ള യാത്രക്കാര്‍ക്ക് ഇത് ഏറെ ആശങ്കയുളവാക്കിയിരുന്നു. മേല്‍ പ്രദേശങ്ങളിലുള്ള യാത്രക്കാര്‍ക്ക് ഈ വണ്ടികളില്‍ സഞ്ചരിക്കണമെങ്കില്‍ ഒറ്റപ്പാലത്ത് എത്തേണ്ട സാഹചര്യമാണ് രൂപപ്പെട്ടിരുന്നത്. ഷൊര്‍ണൂര്‍ ലിങ്ക് വഴി കടന്നുപോകുന്ന ഈ തീവണ്ടികള്‍ക്ക് എല്ലാം ഭാരതപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചു ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് യാത്രക്കാരില്‍നിന്നും ജനപ്രതിനിധികളില്‍നിന്നും ശക്തമായ ആവശ്യം ഉയര്‍ന്നുവന്നിരുന്നു.ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് തത്കാലത്തേക്ക് ഈ തീവണ്ടികള്‍ വഴിതിരിച്ചു വിടേണ്ടതില്ലെന്നു റെയില്‍വേ തീരുമാനമെടുത്തത്. സംസ്ഥാനത്തെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷനാണ് ഷൊര്‍ണൂര്‍ ഈ ജംഗ്ഷന്റെ ഈസ്റ്റ് സ്റ്റേഷന്‍ എന്ന നിലയില്‍ ഭാരതപ്പുഴ സ്റ്റേഷനെ മാറ്റണമെന്നാണ് ബദല്‍ നിര്‍ദേശം എന്ന രീതിയില്‍ ഉയര്‍ന്നുവന്ന ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍