എന്‍.എസ്.എസുമായി സി.പി.എമ്മിന് ഒരു പ്രശ്‌നവുമില്ല: കോടിയേരി

തിരുവനന്തപുരം: എന്‍.എസ്.എസുമായി സി.പി.എമ്മിന് ഒരു പ്രശ്‌നവുമില്ലെന്നും തിരഞ്ഞെടുപ്പ് കാലത്ത് ശത്രുത പുലര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രമുഖ ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'എന്‍.എസ്.എസുമായി ഒരു പ്രശ്‌നവും ഇല്ല. തിരഞ്ഞെടുപ്പ് കാലത്ത് എന്‍.എസ്.എസ് അത്തരമൊരു നിലപാട് എടുക്കുമെന്നു പ്രതീക്ഷിക്കുന്നുമില്ല. എന്‍.എസ്.എസ്സിന്റെ അണികള്‍ക്കു സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ അവകാശം അവരുടെ നേതൃത്വം കൊടുത്തിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നതെ'ന്നും അദ്ദേഹം പറഞ്ഞു.'എന്‍.എസ്.എസ് ഇപ്പോള്‍ എടുത്തിരിക്കുന്ന പരസ്യമായ നിലപാട് സ്വാഗതാര്‍ഹമാണ്. സമദൂര സമീപനമാണു ഞങ്ങള്‍ സ്വീകരിക്കുന്നതെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിനു നേരത്തെ തന്നെ ഒരു നിലപാട് ഉണ്ടായിരുന്നു. ആ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സ്ഥിതി മാത്രമേ എന്‍.എസ്.എസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളൂ. കോണ്‍ഗ്രസോ ബി.ജെ.പിയോ സുപ്രീംകോടതിയില്‍ കേസ് നടത്തിവന്ന 12 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ഇപ്പോള്‍ അവര്‍ ഉന്നയിക്കുന്ന പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവന്നില്ല. എന്നാല്‍, ആ സമയത്തെല്ലാം എന്‍.എസ്.എസ് കേസ് നടത്തുകയും ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരായ നിലപാട് സ്വീകരിക്കുകയും ചെയ്തു. അവരുടെ നിലപാട് തുറന്ന് പറഞ്ഞു കൊണ്ട് സ്വീകരിച്ച സമീപനത്തില്‍ ഒരു വ്യത്യാസം ഉണ്ടായിട്ടില്ല. ആദ്യമായാലും ഇപ്പോഴായാലും അവരാ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു. സി.പി.എമ്മിന് അതുകൊണ്ട് അവരോടു ശത്രുതയില്ല. ഒരു നിലപാട് പറഞ്ഞാല്‍ ഉറച്ചു നില്‍ക്കുന്നത് തെറ്റല്ല. അവരാ നിലപാടില്‍ നില്‍ക്കട്ടെ. ഇപ്പോള്‍ സുപ്രീം കോടതിയില്‍ അവര്‍ റിവ്യൂ ഹര്‍ജി കൊടുത്തിട്ടുണ്ട്. റിവ്യൂ ഹര്‍ജി എന്താണ് തീരുമാനിക്കുന്നത് അതുപോലെ കാര്യങ്ങള്‍ ചെയ്യാമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സി.പി.എമ്മിന് എന്‍.എസ്.എസിനോട് ഒരു ശത്രുതയും ഇല്ലെ'ന്നും കോടിയേരി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍