സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ വയനാട് ഒഴികെയുള്ള ജില്ലകളില്‍ താപനില മൂന്നു ഡിഗ്രി സെല്‍ഷസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. സംസ്ഥാനത്ത് ഇന്നലെയും കടുത്ത ചൂട് അനുഭവപ്പെട്ടത് പാലക്കാട് ജില്ലയിലാണ്. 39 ഡിഗ്രി ചൂടാണ് ഇന്നലെ ജില്ലയില്‍ അനുഭവപ്പെട്ടത്. പുനലൂരില്‍ 37.2 ഉം ആലപ്പുഴയില്‍ 37 ഉം ഡിഗ്രി ചൂടാണ് ഇന്നലെ അനുഭവപ്പെട്ടത്. അതേസമയം ഇന്നലെ സംസ്ഥാനത്ത് 32 പേര്‍ സൂര്യാതപത്തില്‍ പൊള്ളലേറ്റ് ചികിത്സ തേടി. പാലക്കാട് ഒന്‍പതും, ആലപ്പുഴയില്‍ എട്ടും പേര്‍ക്കാണ് പൊള്ളലേറ്റത്. കോഴിക്കോട് ജില്ലയില്‍ നാലും പത്തനംതിട്ടയില്‍ മൂന്നും എറണാകുളം, മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ രണ്ടു പേര്‍ക്കു വീതവും പൊളളലേറ്റു. ഇന്നലെ മാത്രം സൂര്യാതപവുമായി ബന്ധപ്പെട്ടുണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് വിവിധ ജില്ലകളിലായി 53 പേര്‍ ചികിത്സ തേടിയതായും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍